Site iconSite icon Janayugom Online

സ്ത്രീധന പീഡനത്തെത്തുടർന്ന് ഭാര്യ മരിച്ച സംഭവം; പ്രതിയായ ഭർത്താവിന് അന്തരിച്ച ഭാര്യയുടെ സ്വത്തിൽ അവകാശമില്ല: ഹൈക്കോടതി

സ്ത്രീധന പീഡനത്തെത്തുടർന്ന് ഭാര്യ മരിച്ച സംഭവത്തില്‍ ശിക്ഷിക്കപ്പെട്ട ഭർത്താവിന് അന്തരിച്ച ഭാര്യയുടെ സ്വത്തിൽ അവകാശമുണ്ടാകില്ലെന്ന് കേരള ഹൈക്കോടതി. ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമത്തിൽ പ്രതിയ്ക്ക് സ്വത്തവകാശം നിഷേധിക്കാൻ പ്രത്യേക വകുപ്പുകൾ ഇല്ലെങ്കിലും, നീതിയും ന്യായവും മനസാക്ഷിയും മുൻനിർത്തി ഇത്തരം കേസുകളിൽ ‘സ്ലേയർ റൂൾ’ ബാധകമാക്കാമെന്ന് ജസ്റ്റിസ് ഈശ്വരൻ എസ് വിധിച്ചു. ഇരയെ കൊലപ്പെടുത്തിയ ആൾക്ക് ഇരയുടെ സ്വത്ത് അവകാശപ്പെടാൻ കഴിയില്ലെന്ന തത്വമാണിത്.

1997ൽ സ്ത്രീധന പീഡനത്തെത്തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട ഭർത്താവിന് അനുകൂലമായ കീഴ്ക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഈ നിർണ്ണായക ഉത്തരവ്. ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമത്തിൽ പ്രതിയെ സ്വത്തിൽ നിന്ന് വിലക്കാൻ നിയമമില്ലെന്ന് ചൂണ്ടിക്കാട്ടി നേരത്തെ മുൻസിഫ് കോടതിയും ജില്ലാ കോടതിയും ഹർജി തള്ളിയിരുന്നു. എന്നാൽ സ്വന്തം തെറ്റിലൂടെ നേട്ടമുണ്ടാക്കാൻ ഒരാളെയും അനുവദിക്കില്ലെന്നും അത്തരം സാങ്കേതിക സമീപനങ്ങൾ സാമൂഹിക ധാർമ്മികതയ്ക്കും പൊതുതാൽപ്പര്യത്തിനും വിരുദ്ധമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. നിയമം മൗനം പാലിക്കുന്നിടത്ത് നീതി നടപ്പാക്കാൻ കോടതികൾക്ക് അധികാരമുണ്ടെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, കൊല്ലപ്പെട്ട യുവതിയുടെ മാതാവിനും കുടുംബത്തിനും സ്വത്തവകാശം നൽകി.

Exit mobile version