ഭാര്യ താലി അഴിച്ചു മാറ്റുന്നത് ഭര്‍ത്താവിനെ മാനസികമായി പീഡിപ്പിക്കുന്നതിനു തുല്യമാണെന്നു ചൂണ്ടിക്കാട്ടി വിവാഹമോചനം അനുവദിച്ച് മദ്രാസ് ഹൈക്കോടതി. ജസ്റ്റിസ് വി എം വേലുമണി, എസ് സൗന്ദര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെതാണ് വിധി. ഈറോഡ് മെഡിക്കല്‍ കോളജിലെ പ്രൊഫ. സി ശിവകുമാറിനു വിവാഹമോചനം അനുവദിച്ചു കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. കുടുംബകോടതി വിവാഹമോചനം നിഷേധിച്ചതിനെ ചോദ്യം ചെയ്ത് സി ശിവകുമാര്‍ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലിലാണ് വിധി. ശിവകുമാറുമായി അകന്നു കഴിഞ്ഞപ്പോള്‍ താലിമാല അഴിച്ചു മാറ്റിയിരുന്നുവെന്ന് ശിവകുമാറിന്റെ ഭാര്യ കോടതിയില്‍ സമ്മതിച്ചിരുന്നു.
ഭര്‍ത്താവ് ജീവിച്ചിരിക്കേ ഹിന്ദു സ്ത്രീകള്‍ താലി അഴിച്ചു മാറ്റില്ലെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്നും ഭാര്യയുടെ കഴുത്തിലെ താലി വൈവാഹിക ജീവിതത്തിന്റെ തുടര്‍ച്ചയെയാണ് വിവക്ഷിക്കുന്നതെന്നും കോടതി പറഞ്ഞു. ഭര്‍ത്താവിന്റെ മരണശേഷമാണു താലി നീക്കം ചെയ്യുന്നത്. അതിനാല്‍ തന്നെ ജീവിച്ചിരിക്കെ താലി നീക്കം ചെയ്യുന്നത് ക്രൂരതയാണെന്നും കോടതി പറഞ്ഞു.
2011 മുതല്‍ ദമ്പതികള്‍ അകന്നു കഴിയുകയാണെന്നും അനുരഞ്ജനത്തിനുള്ള യാതൊരു ശ്രമവും യുവതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും കോടതി പറഞ്ഞു. യുവതിയുടെ പ്രവൃത്തികള്‍ എല്ലാം തന്നെ പരാതിക്കാരനെ അങ്ങേയേറ്റം അവഹേളിക്കുന്നതും മാനസികമായി അങ്ങേയറ്റം വേദനിപ്പിക്കുന്നതുമാണ്. ഈ സാഹചര്യത്തില്‍ വിവാഹമോചനം അനുവദിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു.
English Summary:Wife removing thali it is cruel to her husband
You may also like this video