Site iconSite icon Janayugom Online

ഭർത്താവിനെ തലക്കടിച്ച് കൊ ന്ന കേസിൽ ഭാര്യക്ക് ജീവപര്യന്തം കഠിനതടവും പിഴയും

ഭർത്താവിനെ ഇരുമ്പ് പൈപ്പ് കൊണ്ട് തലക്കടിച്ച് കൊന്ന് മൃതദേഹം റോഡിൽ ഉപേക്ഷിച്ച കേസിൽ ഭാര്യയെ ജീവപര്യന്തം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴ അടക്കാനും കോടതി ശിക്ഷിച്ചു. പെരിങ്ങോം വയക്കരമുളപ്രയിലെ ചാക്കോച്ചൻ എന്ന കുഞ്ഞുമോനെ (72) തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ റോസമ്മ ചാക്കോ ( 62 ) യെ തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ എൻ പ്രശാന്ത് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കേണ്ടിവരും. പിഴ അടച്ചാൽ പരാതിക്കാരന് തുക നല്കണം. പ്രതിയെ കണ്ണൂർ ജില്ലാ വനിത ജയിലിലേക്കയച്ചു. 2013 ജുലായ് 6 ന് പുലർച്ചെയാണ് വീടിനു സമീപത്തെ റോഡിൽ ചാക്കോച്ചന്റെ മൃതദേഹം കണ്ടെത്തിയത്. വീട്ടിൽ വെച്ച് ഇരുമ്പ് പൈപ്പ് കൊണ്ട് തലക്കടിച്ച് ചാക്കോച്ചനെ കൊലപ്പെടുത്തി യ പ്രതി വീടിന് മുപ്പത് മീറ്ററോളം അകലെയുള്ള റോഡിലാണ് മൃതദേഹം ഉപേക്ഷിച്ചത്. 

ചാക്കോച്ചൻ പയ്യന്നൂരിലെ മെഡിക്കൽ സ്റ്റോറിൽ ജീവനക്കാരനായിരുന്നു. ചാക്കോച്ചന്റെ പേരിലുള്ള സ്ഥലവും വീടും തന്റെ പേരിൽ എഴുതി നൽകണമെന്ന് റോസമ്മ ആവശ്യപ്പെട്ടതുമായുണ്ടായ വഴക്കിനെ തുടർന്നാണ് കൊലപാതകം നടന്നത്. പെരിങ്ങോം പൊലിസാണ് കേസ് രജിസ്റ്റർ ചെയ്തത്.ചാക്കോച്ചന്റെ സഹോദരൻ ആർപ്പിൽ കുര്യാക്കോസ് എന്ന അച്ചൻകുഞ്ഞിന്റെ പരാതിയിലാണ് കേസെടുത്തിരുന്നത്. കേസ്സിൽ മകനെയും ആദ്യം പ്രതി ചേർത്തിരുന്നു. മൈനർ ആയതിനാൽ അന്വേഷണത്തിന് ഭാഗമായി കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കുകയായിരുന്നു. പയ്യന്നൂർ പൊലിസ് ഇൻസ്പെക്ടർ ആയിരുന്ന അബ്ദുൾ റഹിം ആണ് കേസ് അന്വേഷണം പൂർത്തികരിച്ച് ഇന്ത്യൻ പീനൽ കോഡ് 302 പ്രകാരം 2024 ഫിബ്രവരി 10 നാണ് പയ്യന്നൂർ സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

പരിയാരത്തെ കണ്ണൂർ ഗവ: മെഡിക്കൽ കോളേജിലെ പൊലീസ് സർജൻ ഗോപാലകൃഷ്ണ പിള്ളയാണ് ചാക്കോച്ചന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയിരുന്നത്. കേസിലെ 24 സാക്ഷികളിൽ 16 പേരെ വിസ്തരിച്ചു. 29 രേഖകളും, 9 തൊണ്ടിമുതലുകളും കോടതിയിൽ തെളിവിനായിഹാജരാക്കി.
2013 ജുലായ് 6 മുതൽ ഒക്ടോബർ 11 വരെയും , 2021 ഡിസംബർ 28 മുതൽ 2024 ഓക്ടോബർ 15 വരെയും സംഭവവുമായി ബന്ധപ്പെട്ട് റോസമ്മ ജയിലിൽ കഴിഞ്ഞിരുന്നു.വാദിഭാഗത്തിനു വേണ്ടി അഡീഷണൽ പബ്ളിക്ക് പ്രോസിക്യൂട്ടർ അഡ്വ: യു രമേശൻ ഹാജരായി.
തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി പ്രവർത്തനം തുടങ്ങിയതിനു ശേഷം വിധി പറയുന്ന ആദ്യ കൊലക്കേസാണിത്.

Exit mobile version