Site iconSite icon Janayugom Online

കാരണമില്ലാതെ ഭര്‍ത്താവിനെ ഉപേക്ഷിച്ച ഭാര്യയ്ക്ക് ജീവനാംശത്തിന് അവകാശമില്ല: ഹൈക്കോടതി

ന്യായമായ കാരണമില്ലാതെ ഭര്‍ത്താവില്‍നിന്നു വേര്‍പിരിഞ്ഞ് താമസിക്കാന്‍ തീരുമാനിക്കുന്ന ഭാര്യയ്ക്ക് ജീവനാംശത്തിന് അവകാശപ്പെടാന്‍ അര്‍ഹതയില്ലെന്ന് ഹൈക്കോടതി. പരസ്പരം അവകാശം, ആശ്വാസം, സ്‌നേഹം എന്നിവ വിവാഹത്തിന്റെ ഒരു അടിസ്ഥാന വശമാണ്. ഇണകളില്‍ ഒരാള്‍ ബന്ധത്തില്‍ പിന്‍മാറുന്നത് വൈവാഹിക ബാധ്യതകളില്‍ നിന്നുള്ള പിന്മാറ്റമാണെന്നും കോടതി പറഞ്ഞു. വിവാഹം പ്രത്യുല്പാദനത്തിനും കുട്ടികളെ വളര്‍ത്തുന്നതിനും പുറമെ സൗഹൃദവും വൈകാരികമായ പിന്തുണയും കൂടി ഉറപ്പു നല്‍കുന്നതാണ്. വിവാഹം ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് പ്രത്യേക അവകാശങ്ങളും ബാധ്യതകളും ഉണ്ടാക്കുന്നുണ്ട്. വിവാഹത്തിലേര്‍പ്പെടുന്ന വ്യക്തികള്‍ക്ക് ഒരുമിച്ച് ജീവിക്കാനും ദാമ്പത്യ ബന്ധത്തില്‍ ചില ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനുമുള്ള പ്രതിബദ്ധതയുണ്ടെന്നും കോടതി പറഞ്ഞു. ഭാര്യയ്ക്ക് ജീവനാംശം നല്‍കണമെന്ന ഉത്തരവിനെ ചോദ്യം ചെയ്ത് ഭര്‍ത്താവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 

ന്യായമായ കാരണങ്ങളില്ലാതെ ഭാര്യ വേര്‍പിരിഞ്ഞു താമസിക്കുന്നതിനാല്‍ ജീവനാംശം ആവശ്യപ്പെടാന്‍ അര്‍ഹതയില്ലെന്ന് ഭര്‍ത്താവ് വാദിച്ചു. 2008ല്‍ കക്ഷികള്‍ വിവാഹിതരായി. ഇരുവര്‍ക്കും ഒരു മകളുണ്ട്. ഭര്‍ത്താവ് കുടുംബ കോടതിയില്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കുകയും 2017ല്‍ ഇവര്‍ക്ക് വിവാഹമോചനം ലഭിക്കുകയും ചെയ്തു. മതിയായ കാരണമില്ലാതെ ഭാര്യ തന്നെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ഉപേക്ഷിച്ചുവെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. മതിയായ കാരണമില്ലാതെ ഭാര്യ ഉപേക്ഷിച്ചതിനാല്‍ മകളുടെ രക്ഷാകര്‍തൃത്വം ഹര്‍ജിക്കാരന് നല്‍കിയതായി കോടതി ചൂണ്ടിക്കാട്ടി. ഭര്‍ത്താവ് തന്നോട് മോശമായി പെരുമാറിയെന്ന് കാണിക്കാന്‍ ഭാര്യ തെളിവുകളൊന്നും ഹാജരാക്കിയില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കുടുംബക്കോടതി പുറപ്പെടുവിച്ച ജീവനാംശ ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു.

Exit mobile version