വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിനെ യുഎസിന് കൈമാറാൻ കഴിഞ്ഞദിവസം ലണ്ടൻ കോടതി ഉത്തരവിട്ടു. കോടതി ഉത്തരവുണ്ടെങ്കിലും ഈ വിഷയത്തിൽ ഉചിതമായ തീരുമാനമെടുക്കാൻ ബ്രിട്ടീഷ് ആഭ്യന്തര വകുപ്പിനും അധികാരമുണ്ട്. വിധിക്കെതിരെ അസാൻജിന് 14 ദിവസത്തിനുള്ളിൽ അപ്പീൽ നൽകാനും അവകാശമുണ്ട്. 2019 മുതൽ ലണ്ടനിലെ ബെൽമാർഷ് ജയിലിൽ തടവിലാണ് അസാൻജ്. അസാൻജിനെ കൈമാറാമെന്ന കീഴ്ക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ യുകെ സുപ്രീം കോടതി കഴിഞ്ഞ മാസം അനുമതി നിഷേധിച്ചതിനെ തുടർന്നാണ് കൈമാറലിനുള്ള പുതിയ ഉത്തരവ്.
2010 ലായിരുന്നു അമേരിക്കൻ ഭരണകൂടത്തെ ഞെട്ടിച്ച് അഫ്ഗാൻ, ഇറാഖ് യുദ്ധങ്ങളുടേതടക്കം അതീവ പ്രാധാന്യമുള്ള യുദ്ധരേഖകൾ ഉൾപ്പെടെ വിക്കിലീക്സ് പുറത്തുവിട്ടത്. അതീവ രഹസ്യ സ്വഭാവമുള്ള സൈനിക, നയതന്ത്ര രേഖകൾ പരസ്യപ്പെടുത്തിയതിന് അസാൻജിനെതിരെ 18 ക്രിമിനൽ കേസുകളാണ് യുഎസിലുള്ളത്. ‘കൊളാറ്ററൽ മർഡർ’ എന്ന പേരിൽ വിക്കിലീക്സ് പുറത്തുവിട്ട റിപ്പോർട്ടാണ് യുഎസിനെ ഉലച്ചത്. 2010ൽ ഇറാഖിൽ ഹെലികോപ്റ്ററിൽ നിന്ന് യുഎസ് സൈനികർ 18 പേരെ വെടിവച്ചു കൊല്ലുന്നതിന്റെ ദൃശ്യങ്ങൾ ചർച്ചയായി. അഫ്ഗാനിസ്ഥാൻ, ഇറാഖ് എന്നിവിടങ്ങളിലെ യുദ്ധങ്ങൾ, ഗ്വാണ്ടനാമോ ബേയിലെ തടവുകാർ എന്നിവയെക്കുറിച്ചുള്ള രഹസ്യരേഖകളും വിക്കിലീക്സ് പുറത്തുവിട്ടു. യുഎസ് സൈനിക നടപടികളിലെ നിയമവിരുദ്ധതയും മനുഷ്യത്വമില്ലായ്മയും വെളിപ്പെടുത്തുന്നതായിരുന്നു റിപ്പോർട്ട്.
2006 ൽ ‘ദി സെൻസേഷൻ പ്രസ്’ എന്ന സംരംഭത്തിലൂടെയാണ് സ്വീഡൻ ആസ്ഥാനമായി അസാൻജ് വിക്കിലീക്സ് സ്ഥാപിക്കുന്നത്. സോഴ്സ് വെളിപ്പെടുത്താതെ രഹസ്യവിവരങ്ങളും രേഖകളും പ്രസിദ്ധീകരിക്കുന്ന അന്തർദേശീയ മാധ്യമസംരംഭം എന്ന നിലയിൽ വിക്കിലീക്സ് പ്രശസ്തമായി. അഫ്ഗാനിലും ഇറാഖിലും അമേരിക്ക നടത്തിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ, യുഎസ് സൈനികർ സാധാരണക്കാരെ കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവിട്ടതോടെയാണ് അസാൻജ് യുഎസിന്റെ നോട്ടപ്പുള്ളിയാകുന്നത്.
ബരാക് ഒബാമയുടെ ഭരണകാലത്ത് കാര്യമായ നടപടികൾ അസാൻജിനെതിരെ ഉണ്ടായില്ല. എന്നാൽ, ഡൊണാൾഡ് ട്രംപ് ചാരവൃത്തി നിയമം ലംഘിച്ചെന്ന് അസാൻജിനെതിരെ കുറ്റം ചുമത്തി. രഹസ്യവിവരങ്ങൾ ചോർത്തിയെടുക്കാൻ ഏഷ്യയിലും യൂറോപ്പിലും ഹാക്കർമാരെ നിയമിച്ചതായും ഹാക്കിങ് സംഘങ്ങളുമായി ഗൂഢാലോചന നടത്തിയെന്നുമുള്ള ആരോപണങ്ങൾ ചേർത്തും കുറ്റപത്രം സമർപ്പിച്ചു.
ലൈംഗികാതിക്രമ ആരോപണങ്ങളും അസാൻജിനെതിരെ ഉയർന്നുവന്നു. 2010ൽ സ്റ്റോക്ക്ഹോം സന്ദർശനത്തിനിടെ, ഒരു സ്ത്രീയെ ബലാത്സംഗം ചെയ്യുകയും മറ്റൊരാളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തെന്നായിരുന്നു ആരോപണം. ഇതേത്തുടർന്ന് സ്വീഡിഷ് സർക്കാർ അന്താരാഷ്ട്ര അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ആ വർഷം അവസാനം ബ്രിട്ടനിൽവച്ച് അസാൻജ് അറസ്റ്റിലായെങ്കിലും ഉപാധികളോടെ ജാമ്യം അനുവദിച്ചു. 2012 ൽ ലൈംഗികാതിക്രമം സംബന്ധിച്ച കേസിൽ ചോദ്യം ചെയ്യുന്നതിന് സ്വീഡന് കൈമാറുന്നത് ഒഴിവാക്കാൻ ബ്രിട്ടനിലെ ഇക്വഡോർ എംബസിയിൽ അസാൻജ് അഭയം തേടി. ഏഴ് വർഷത്തോളം അവിടെ കഴിഞ്ഞു. എന്നാൽ, സർക്കാരിന്റെ നടപടികളില്‍ ഇടപെട്ടെന്നാരോപിച്ച് ഇക്വഡോർ രാഷ്ട്രീയ അഭയം നിഷേധിച്ചു. ഇതോടെ എംബസിയിൽനിന്ന് പുറത്തിറങ്ങിയ അസാൻജിനെ ബ്രിട്ടീഷ് സർക്കാർ വീണ്ടും അറസ്റ്റ് ചെയ്തു. ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതിനെത്തുടർന്ന് പിന്നീട് ജയിലിലേക്ക് മാറ്റുകയായിരുന്നു.
English Summary: WikiLeaks which shakes up America
You may like this video also