Site iconSite icon Janayugom Online

വന്യജീവികളുടെ ആക്രമണം

സംസ്ഥാനത്ത് പല ജില്ലകളിലും, പ്രത്യേകിച്ച് വനത്തോട് ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളില്‍ വന്യമൃഗങ്ങളുടെ ആക്രമണവും ജീവഹാനി, കൃഷിനാശമുള്‍പ്പെടെയുള്ള വാര്‍ത്തകളും നിത്യമായിരിക്കുകയാണ്. ഓരോ വര്‍ഷം കഴിയുന്തോറും വന്യജീവികളുടെ ആക്രമണം വര്‍ധിക്കുന്നതായാണ് കണക്കുകള്‍. ഡിസംബറിലെ നിയമസഭാ സമ്മേളനത്തില്‍ വനംവകുപ്പ് മന്ത്രി നല്കിയ മറുപടി അനുസരിച്ച് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം വന്യജീവി ആക്രമണം മൂലമുണ്ടായ ജീവഹാനി, കൃഷിനാശം എന്നിവ സംബന്ധിച്ച 8827 കേസുകളാണുണ്ടായത്. 122 പേര്‍ക്ക് ജീവഹാനി നേരിട്ടു. ഇതിനു പുറമേ 17 പേര്‍ക്ക് പാമ്പുകടിയേറ്റുള്ള മരണവുമുണ്ടായി. ഏറ്റവുമധികം ജീവഹാനി നേരിട്ടത് പാലക്കാട് ജില്ലയിലാണ്, 28. മലപ്പുറം 17, തൃശൂര്‍ 16, കണ്ണൂര്‍ 15, തിരുവനന്തപുരം 12, കോട്ടയം, ഇടുക്കി ഒമ്പതു വീതം, കൊല്ലം ആറ്, കോഴിക്കോട്, വയനാട് അഞ്ചുവീതം, കാസര്‍കോട്, എറണാകുളം നാലുവീതം, പത്തനംതിട്ട രണ്ട് മരണങ്ങളുണ്ടായി. കണ്ണൂരിലാണ് ഏറ്റവുമധികം കൃഷിനാശമുണ്ടായതിന്റെ പരാതികളുണ്ടായത്, 444. എല്ലാ ജില്ലകളിലുമായി ശരാശരി 70ലധികം കേസുകളാണ് കൃഷിനാശവുമായി ബന്ധപ്പെട്ടുണ്ടായത്. കേരള വനം വകുപ്പിലെ പെരിയാര്‍ കടുവ സംരക്ഷണ ഫൗണ്ടേഷന്‍, ഡെറാഡൂണിലെ വന്യജീവി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി ചേര്‍ന്ന് വന്യജീവികള്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നതിന്റെ കാരണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും സംബന്ധിച്ച് പഠനം നടത്തുകയുണ്ടായി.

കാടിനു ചുറ്റുമുള്ള കൃഷിരീതികളില്‍ വന്ന മാറ്റം, കൃഷിയിടങ്ങളുടെ വിസ്തൃതിയിലുണ്ടായ വര്‍ധന, വന്യജീവികളുടെ എണ്ണത്തിലുണ്ടായ പെരുപ്പം, കാട്ടിനുള്ളില്‍ വന്യജീവികള്‍ നേരിടുന്ന ആഹാര ദൗര്‍ലഭ്യം എന്നിവയാണ് പ്രധാന കാരണമായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. കരിമ്പ്, വാഴപോലുള്ള ഹ്രസ്വകാല വാണിജ്യ വിളകളിലേയ്ക്കാണ് കാടിനു ചുറ്റുമുള്ള കൃഷിരീതി മാറിയത്. ഈ മേഖലകളില്‍ ഏറ്റവുമധികം ചെയ്തുവന്നിരുന്നത് നാണ്യവിളക്കൃഷിയായിരുന്നു. അവയ്ക്കുണ്ടായ വലിയതോതിലുള്ള വിലയിടിവാണ് പ്രധാനമായും ഹ്രസ്വകാല വിളകളിലേയ്ക്ക് തിരിയുന്നതിന് കര്‍ഷകരെ പ്രേരിപ്പിക്കുന്നത്. അതുകൊണ്ട് ഇതിന്റെ പ്രധാന ഉത്തരവാദി മതിയായ വിലലഭ്യത ഉറപ്പുവരുത്തുന്നതിന്റെ നടപടി സ്വീകരിക്കാനിരുന്ന കേന്ദ്ര സര്‍ക്കാര്‍ തന്നെയാണ്. ജനസാന്ദ്രത കൂടുന്നതാണ് കൃഷിയിടങ്ങളുടെ വിസ്തൃതിയിലുണ്ടാകുന്ന വര്‍ധനയ്ക്കു കാരണമാകുന്നത്. അത് സ്വാഭാവികമായി സംഭവിക്കുന്നതാണ്. വന്യജീവികളുടെ എണ്ണത്തിലുണ്ടായ പെരുപ്പം നിയന്ത്രിക്കപ്പെടുന്നതിന് നിലവിലുള്ള നിയമങ്ങളും സുപ്രീം കോടതിയുടെ നിരോധനവുമാണ് തടസം നില്ക്കുന്നത്. വന്യജീവികളുടെ ജനനനിയന്ത്രണം നിരോധിച്ചുള്ള സുപ്രീം കോടതിയുടെ ഉത്തരവിനെതിരെ ഹര്‍ജികള്‍ നല്കിയെങ്കിലും അതില്‍ ഇതുവരെ തീരുമാനമുണ്ടായിട്ടില്ല. കേന്ദ്ര വന്യജീവി സംരക്ഷണ നിയമമനുസരിച്ച് അപകടകാരികളായ വന്യജീവികളെ പോലും കൊല്ലുന്നതിന് കര്‍ശന നിയന്ത്രണങ്ങളാണുള്ളത്. കാട്ടുപന്നി ശല്യം തടയുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വെടിവയ്ക്കാന്‍ നിര്‍ദേശം പുറപ്പെടുവിക്കുന്നതിന് നേരിടേണ്ടിവന്ന കടമ്പകള്‍ പലതായിരുന്നുവെന്നോര്‍ക്കുക. അത്തരമൊരു നിശ്ചയദാര്‍ഢ്യത്തോടെയുള്ള തീരുമാനത്തോടെ ആ പ്രശ്നത്തിന് താല്ക്കാലികമായ പരിഹാരമുണ്ടാകുകയും ചെയ്തിട്ടുണ്ട്.


ഇതുകൂടി വായിക്കൂ: ഫാസിസ്റ്റ് ആശയങ്ങളില്‍ അലയുന്ന കന്നുകാലികള്‍


അതുകൊണ്ടുതന്നെ വന്യജീവികള്‍ കാടിറങ്ങുന്നത് നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുക മാത്രമേ ഇപ്പോള്‍ പോംവഴിയുള്ളൂ. അതിന് വിവിധ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ച് ജനവാസകേന്ദ്രങ്ങളിലേയ്ക്ക് വന്യജീവികള്‍ ഇറങ്ങുന്നത് തടയുന്നതിന് ഫെന്‍സിങ് നിര്‍മിക്കുകയെന്നതാണ് പ്രധാന പ്രതിരോധമാര്‍ഗമായി അവലംബിക്കുന്നത്. ഇതിന് പുറമേ ഇത്തരം ജീവികളുടെ സഞ്ചാരം നിരീക്ഷിക്കുന്നതിനുള്ള സംവിധാനവും ഒരുക്കുന്നു. വന്യജീവി ആക്രമണ സാധ്യതയുള്ള മേഖലകളില്‍ കാവലിരിക്കല്‍, റോന്തു ചുറ്റല്‍ എന്നിവയ്ക്കുള്ള പ്രത്യേക സ്ക്വാഡുകളും പ്രവര്‍ത്തിക്കുന്നുണ്ട്. നഷ്ടപരിഹാരവും നല്കിവരുന്നുണ്ട്. വനത്തിനുള്ളില്‍ ഭക്ഷ്യവസ്തുക്കളുടെ ദൗര്‍ലഭ്യം, കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷോഷ്മാവിലുണ്ടായ വ്യതിയാനം എന്നിവയും കാടിറങ്ങുന്നതിനുള്ള കാരണങ്ങളാണ്. ഇതിന് പരിഹാരമായി പുല്‍മേടുകളും ജലസ്രോതസുകളും മെച്ചപ്പെടുത്തി വനത്തിനുള്ളില്‍ ഭക്ഷണവും വെള്ളവും ലഭ്യമാക്കുന്നതിനുള്ള പദ്ധതികളും ആവിഷ്കരിച്ച് നടപ്പിലാക്കുന്നുണ്ട്. വനവിസ്തൃതിക്കനുസരിച്ചല്ല വന്യജീവികളുടെ എണ്ണപ്പെരുപ്പമെന്നതുകൊണ്ടുതന്നെ ജനന നിയന്ത്രണം അവശ്യമായി നടപ്പിലാക്കേണ്ട ഘടകം തന്നെയാണ്. അതിന് സുപ്രീം കോടതിയിലെ സ്റ്റേ ഒഴിവാക്കുന്നതിന് അതിവേഗ നടപടി സ്വീകരിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ഫെന്‍സിങ് പണിയുക എന്നതൊക്കെ വലിയ അഴിമതിയുടെ കൂത്തരങ്ങായി മാറുന്നുവെന്ന ആരോപണം പതിവാണ്. വനസംരക്ഷണവും അതോടൊപ്പം മനുഷ്യജീവന്റെയും അവരുടെ ഉപജീവനമാര്‍ഗമായ കൃഷിയുടെയും നിലനില്പും ഒരുപോലെ ആവശ്യമാണെന്ന് കണ്ടുവേണം നടപടികള്‍ മുന്നോട്ടുകൊണ്ടുപോകേണ്ടത്. വനവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി നട്ടുപിടിപ്പിച്ച യൂക്കാലിപ്റ്റസ്, അക്കേഷ്യ, മാഞ്ചിയം തുടങ്ങിയ സസ്യങ്ങള്‍ വനത്തിലെ ആവാസ വ്യവസ്ഥയ്ക്ക് ദോഷം ചെയ്തിട്ടുണ്ടെന്ന് പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കുവാനും നടപടികളുണ്ടാകണം.

Exit mobile version