Site iconSite icon Janayugom Online

കാട്ടുപന്നി ഓട്ടോറിക്ഷയിലിടിച്ച് 
മൂന്ന് പേർക്ക് പരിക്ക്

കാട്ടുപന്നി ഓട്ടോറിക്ഷയിലിടിച്ച് ഡ്രൈവർ ഉൾപ്പെടെ മൂന്നു പേർക്ക് പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെ 5. 45 ഓടെ വാഴത്തോപ്പ് ചെട്ടിമാട്ടേൽ കവലയിലാണ് സംഭവം. ഓട്ടോറിക്ഷ ഡ്രൈവർ ചെറുതോണി ഇട്ടിയേക്കൽ ദിലീപ് (56), യാത്രക്കാരായ കാഞ്ഞിരന്താനം കെന്നഡി — (56), ഭാര്യ ലിസി (55) എന്നിവർക്കാണ് പരിക്കേറ്റത്. മൂവരെയും ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ കുർബാനയിൽ പങ്കെടുക്കാനായി വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിലേക്ക് ഓട്ടോറിക്ഷയിൽ പോകുമ്പോഴാണ് അപകടം. 

ചെറുതോണി ഭാഗത്തുനിന്നും വാഴത്തോപ്പിലേക്ക് ഓട്ടോറിക്ഷയിൽ സഞ്ചരിക്കുമ്പോൾ അമിതവേഗതയിൽ എത്തിയ കാട്ടുപന്നി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ റോഡിലേക്ക് തെറിച്ചു വീണു. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡരുകിൽ കൂട്ടിയിട്ടിരുന്ന തടി കഷണത്തിൽ ഇടിച്ചുനിന്നതിനാൽ ദമ്പതികൾ വലിയ അപകടത്തിൽ നിന്നും രക്ഷപ്പെട്ടു. പിന്നാലെ ഉണ്ടായിരുന്ന കാർ യാത്രികരാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. കാടിനോട് വളരെ അകലെയുള്ള പ്രദേശമായ വാഴത്തോപ്പിൽ പോലും കാട്ടുപന്നികൾ വ്യാപകമായി എത്തുന്നുണ്ട്. കാർഷിക വിളകൾ നശിപ്പിക്കുന്നതോടൊപ്പം ആളുകൾക്കും ഭീഷണിയായി മാറിയിരിക്കയാണ്. 

Exit mobile version