Site iconSite icon Janayugom Online

കാട്ടുപന്നി ശല്യം രൂക്ഷം; അമരമ്പലത്ത് 25 കാട്ടുപന്നികളെ വെടിവെച്ചുകൊന്നു

കാട്ടുപന്നികളുടെ ശല്യം അതിരൂക്ഷമായതോടെ, മലപ്പുറം അമരമ്പലത്ത് 25 കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. രാപകൽ ഭേദമില്ലാതെ കാർഷിക വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നികൾ കർഷകരുടെ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. വിളനാശത്തിന് പുറമെ, പന്നിയിടിച്ച് വാഹന അപകടങ്ങളും നിരവധി കർഷകർക്ക് പരിക്കേൽക്കുന്നതും ഇവിടെ പതിവായിരുന്നു. ഈ സാഹചര്യത്തിലാണ് ഗ്രാമപഞ്ചായത്തിന്റെ ഇടപെടലിൽ, വനം വകുപ്പ് അധികൃതരുടെ അനുമതിയോടെ കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ പന്നി വേട്ട ശക്തമാക്കിയത്.

ഡിഎഫ്ഒയുടെ എം പാനൽ ലിസ്റ്റിൽ ഉൾപ്പെട്ടവരും അംഗീകൃത തോക്ക് ലൈസൻസുള്ളവരുമായ പാലക്കാട് മലബാർ ആർമറി സ്ഥാപന ഉടമ പി എസ് ദിലീപ് മേനോൻ, അസീസ് മങ്കട, എം എം സക്കീർ ഹുസൈൻ, ഹാരിസ് കുന്നത്ത്, ഫൈസൽ കുന്നത്ത്, ജലീൽ കുന്നത്ത്, ശശി, പ്രമോദ്, ശ്രീധരൻ, അർഷാദ് ഖാൻ പുല്ലാനി എന്നിവരാണ് വേട്ടയ്ക്ക് നേതൃത്വം നൽകിയത്. കൊന്നൊടുക്കിയ പന്നികളെ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ കെ പി അഭിലാഷിന്റെ കണക്കെടുപ്പിനും പരിശോധനക്കും ശേഷം അമരമ്പലം വനത്തിനകത്ത് സംസ്കരിച്ചു. 

Exit mobile version