പാലപ്പിള്ളി റബ്ബർ തോട്ടത്തിൽ തമ്പടിച്ചിരിക്കുന്ന കാട്ടാനക്കൂട്ടം നാടിനെ വിറപ്പിച്ച് ജനവാസ കേന്ദ്രങ്ങള്‍ക്കരികെ ചുറ്റിത്തിരിയുന്നു. ഞായറാഴ്ച രാത്രിയോടെ എത്തിയ അമ്പതോളം ആനകളാണ് തോട്ടത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലയുറപ്പിച്ചിരിക്കുന്നത്. പാലപ്പിള്ളി റേഞ്ച് ഓഫീസർ കെ പി പ്രേം ഷമീറിന്റെ നേതൃത്വത്തിലുള്ള വനപാലകരാണ് ആനകളെ തുരത്താൻ ശ്രമിക്കുന്നത്. അതേസമയം, കാട്ടാനക്കൂട്ടത്തെ തുരത്താൻ വയനാട്ടിൽ നിന്നും പരിചയസമ്പന്നരായ ആർആർടി സംഘത്തെ കൊണ്ടുവരണമെന്ന് സർവ്വകക്ഷി യോഗം ആവശ്യപ്പെട്ടു.
പാലപ്പിള്ളി മേഖലയിൽ കാട്ടനശല്യം രൂക്ഷമായതിനെ തുടർന്ന് വനംവകുപ്പിന്റെ നേതൃത്വത്തിലാണ് വരന്തരപ്പിള്ളിയിൽ സർവകക്ഷി യോഗം ചേർന്നത്. വയനാടൻ ആർആർടിയെ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎഫ്ഒയ്ക്ക് കത്ത് നൽകുമെന്ന് റേഞ്ച് ഓഫീസർ യോഗത്തിൽ അറിയിച്ചു. ആർആർടികൾ എത്തുന്നതുവരെ വനംവകുപ്പ് വാച്ചർമാരും എസ്റ്റേറ്റ് വാച്ചർമാരും ഉൾപ്പെട്ട സംഘം ആനകളെ നിയന്ത്രിക്കാൻ രംഗത്തുണ്ടാകും. ജനവാസ മേഖലയിലേക്ക് ആനകൾ എത്താതിരിക്കുന്നതിനാണ് വനപാലകർ ശ്രമിക്കുന്നത്.
കാട്ടാനക്കൂട്ടം പാലപ്പിള്ളി സെന്ററിലും പരിസര പ്രദേശത്തും നാശം വിതച്ചിരുന്നു. പിന്നീട് കൊച്ചിൻ മലബാറിന്റെ തോട്ടത്തിലേക്ക് കയറിയ ആനകൾ അവിടെ തന്നെ തമ്പടിക്കുകയായിരുന്നു. പടക്കം പൊട്ടിച്ചും പാട്ട കൊട്ടിയുമാണ് ഇപ്പോൾ ആനകളെ കാടുകയറ്റാനുള്ള ശ്രമം നടത്തുന്നത്. രണ്ട് ദിവസമായി തുടരുന്ന ഇത്തരത്തിലുള്ള ശ്രമം വിഫലമാകുകയായിരുന്നു. ആനകളെ ചിമ്മിനി ഡാമിന്റെ പരിസരത്തുള്ള കാടുകളിലേക്ക് മാറ്റാനാണ് വനം വകുപ്പിന്റെ ശ്രമം. ഇതിനായി വിവിധ ഫോറസ്റ്റ് ഡിവിഷനുകളിലെ പരിചയസമ്പന്നരായ വാച്ചർമാരെ എത്തിക്കുമെന്ന് റേഞ്ച് ഓഫീസർ അറിയിച്ചു.
ആനക്കൂട്ടം ജനവാസ മേഖലക്ക് സമീപത്ത് തമ്പടിക്കുന്നത് നാട്ടുകാർക്ക് ആശങ്കക്കിടയാക്കുന്നുണ്ട്. തോട്ടങ്ങളിൽ ആനകൾ നിലയുറപ്പിച്ചതോടെ തൊഴിലാളികൾക്ക് ടാപ്പിംഗിന് പോകാൻ കഴിയാത്ത അവസ്ഥയാണ്. കഴിഞ്ഞ ദിവസം കാട്ടാനയെ കണ്ട് ഭയന്നോടിയ ഒരു തൊഴിലാളിക്ക് പരിക്കേറ്റിരുന്നു.
English Summary:Wild elephants in the populated area
You may also like this video