Site iconSite icon Janayugom Online

കാട്ടാനയാക്രമം: വിഷക്കുപ്പിയുമായി ആത്മഹത്യാ ഭീഷണി മുഴക്കി കർഷകൻ

വനാതിർത്തിയിലെ കൃഷിയിടം കാട്ടാന നശിപ്പിച്ചതിൽ മനംനൊന്ത് വിഷക്കുപ്പി കയ്യിലേന്തി കർഷകന്റെ ആത്മഹത്യാ ഭീഷണി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനം ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. പോത്തുകൽ കോടാലിപ്പൊയിൽ നെടുംപൊട്ടിയിലെ നെടുമ്പ മുഹമ്മദാണ് കൃഷി നാശത്തിൽ മനംനെന്ത് വിഷക്കുപ്പിയുമായി ആത്മഹത്യ ഭീഷണി മുഴക്കിയത്. വിവരമറിഞ്ഞെത്തിയ പോത്തുകൽ വനം ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ ഷെരീഫ് പനോലനടക്കമുള്ള വനപാലകരെ പ്രശ്നപരിഹാരമാവശ്യപ്പെട്ട് സ്ഥലത്ത് നാട്ടുകാർ തഞ്ഞുവച്ചു. 

കാട്ടാന ശല്ല്യത്തിന് അടിയന്തിര പരിഹാരം കാണാമെന്ന് പറഞ്ഞ് മുഹമ്മദിനെ നാട്ടുകാരും വനം ജീവനക്കാരും ചേർന്ന് അനുനയിപ്പിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. രോഗബാധിതരും കിടപ്പുരോഗികളുമായ രണ്ട് സഹോദരങ്ങളുടേതടക്കമുള്ള ഒന്നരയേക്കർ ഭൂമിയിലാണ് മുഹമ്മദ് കൃഷി ചെയ്തുവരുന്നത്. വാഴ, തെങ്ങ്, കമുക്, കപ്പ, ചേമ്പ്, കൂവ തുടങ്ങി നിരവധി കാർഷിക വിളകൾ കൃഷി ചെയ്തു വരുന്നുണ്ട്. ശനിയാഴ്ച രാത്രി കൃഷിയിടത്തിന് ചുറ്റും സ്ഥാപിച്ച സോളാർ ഫെൻസിംഗ് ലൈനിൽ സമീപത്തെ റബർ തോട്ടത്തിൽ നിന്നും അഞ്ച് മരങ്ങൾ തള്ളിയിട്ട് വേലി തകർത്ത ശേഷമാണ് കാട്ടാന കൃഷിയിടത്തിൽ പ്രവേശിച്ചത്. തോട്ടത്തിലെ വാഴ, കമുക്, കപ്പ തുടങ്ങിയ വിളകൾ പൂർണമായി കാട്ടാന നശിപ്പിക്കുകയും ചെയ്തു. ഭാരിച്ച കൂലി കൊടുക്കാൻ കഴിയാത്തതിനാൽ കൃഷി പണികൾ മുഴുവൻ അറുപത്തിമൂന്നുകാരനായ മുഹമ്മദും ഭാര്യയും ചേർന്നാണ് ചെയ്തിരുന്നത്. അധ്യാനിച്ചുണ്ടാക്കിയവയെല്ലം ഒരു സുപ്രഭാതത്തിൽ കാട്ടാന നശിപ്പിച്ചതിലുള്ള മനോവിഷമത്തിലാണിയാൾ ഉദ്യോഗസ്ഥർക്ക് മുൻപിൽ ആത്മഹത്യ ഭീഷണി മുഴക്കിയത്. കുലച്ചതും കുലയ്ക്കാറായതുമായ നൂറ് കണക്കിന് വാഴകളും കായ്ച്ചതും കായ്ക്കാറയതുമായ നിരവധി കമുകുകളും കപ്പയടക്കം കാട്ടാന നശിപ്പിച്ചു. കഴിഞ്ഞ രണ്ട് വർഷം കാട്ടാന കൃഷി നശിപ്പിച്ചതിന് അപേക്ഷ നൽകിയെങ്കിലും വനം വകുപ്പിൽ നിന്ന് നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന് മുഹമ്മദ് പറയുന്നു. ഇയാളുടെ കൃഷിയിടത്തിലെ നാനൂറ് വാഴകളാണ് കഴിഞ്ഞ വർഷം മാത്രം കാട്ടാന നശിപ്പിച്ചത്. അടിയന്തിരമായി കാട്ടാന ്രപശ്നം പരിഹരിക്കാമെന്ന റെയ്ഞ്ച് ഓഫീസറുടെ ഉറപ്പിലാണ് മുഹമ്മദ് ആത്മഹത്യാ ഭീഷണി അവസാനിപ്പിച്ചത്. 

Exit mobile version