Site iconSite icon Janayugom Online

ബ്രിട്ടീഷ് കൊളംബിയയില്‍ കാട്ടുതീ പടരുന്നു

കനേഡിയന്‍ പ്രവിശ്യയായ ബ്രിട്ടീഷ് കൊളംബിയയില്‍ കാട്ടുതീ പടരുന്നു. വെസ്റ്റ് കെലോന നഗരത്തിനു മുകളിലുള്ള കുന്നുകളിലും സമീപമേഖലകളിലും പടരുന്ന തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വെസ്റ്റ് കെലോനയിൽ പ്രാദേശിക വ്യോമപാത അടച്ചു.
കാട്ടുതീയെ തുടര്‍ന്ന് ആയിരക്കണക്കിന് ആളുകളെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചു. 36,000 ആളുകൾ താമസിക്കുന്ന വെസ്റ്റ് കെലോനയിൽ നിന്നും 15,000 ലധികം ജനങ്ങൾ താമസിക്കുന്ന കെലോനയുടെ വടക്കുഭാ​ഗത്തും പലായനം തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4500 ഓളം ആളുകളെയാണ് ഒഴിപ്പിച്ചത്. ജനങ്ങളെ വിമാന മാർഗമാണ് മേഖലയില്‍ നിന്ന് ഒഴിപ്പിച്ചത്. തീ വ്യാപിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേരെ വിമാനമാര്‍ഗം ഒഴിപ്പിക്കാനുള്ള നീക്കത്തിലാണ് അധികൃതര്‍. 20, 000 പേർ ഇപ്പോഴും കാട്ടുതീ ഭീഷണി നേരിടുകയാണ്. നിരവധി കെട്ടിടങ്ങളും നശിച്ചു. ശക്തമായ കാറ്റ് തീയണയ്ക്കനുള്ള ശ്രമങ്ങൾക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. കാട്ടുതീ ഹൈവേകളേയും വിമാനത്താവളങ്ങളേയും ബാധിക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയ്ക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നതെന്ന് പ്രധാനമന്ത്രി ഡേവിഡ് എബി പറഞ്ഞു. അടുത്ത 24 മണിക്കൂറിനിടെ സ്ഥിതി കൂടുതല്‍ വഷളാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് കാനഡയിൽ കാട്ടു തീ പടരുകയാണെന്ന റിപ്പോർട്ട് അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തു വിടുന്നത്. യെല്ലോനൈഫില്‍ നിന്നും 20,000 ത്തിലധികം വരുന്ന ജനങ്ങളോട് വെള്ളിയാഴ്ച ഉച്ചയ്ക്ക് മുമ്പ് പ്രദേശം വിട്ടുപോകണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു. വടക്കൻ കാനഡയിലെ ഏറ്റവും വലിയ ന​ഗരങ്ങളിലൊന്നാണ് യെല്ലോനൈഫ്. ഈ വർഷം 5783 കാട്ടുതീയാണ് കാനഡയിൽ റിപ്പോർട്ട് ചെയ്തത്. ഈ വർഷം 1.37 കോടി ഹെക്ടർ കാടാണ് കത്തി നശിച്ചത്. കാനഡയ്ക്ക് പുറമേ സ്പെയിനിലും കാട്ടു തീ റിപ്പോർട്ട് ചെയ്തിരുന്നു. അമേരിക്കൻ ദ്വീപായ ഹവായിൽ ഉണ്ടായ കാട്ടുതീയിൽ 99 പേരാണ് മരിച്ചത്.

Eng­lish summary;Wildfires are rag­ing in British Columbia

you may also like this video;

Exit mobile version