Site iconSite icon Janayugom Online

ചിലിയില്‍ കാട്ടുതീ;19 മരണം

ചിലിയിലുണ്ടായ കാട്ടുതീയിൽ 19 മരണം. കനത്ത ചൂടും ശക്തമായ കാറ്റും മൂലം തീ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയാണെന്ന് അഗ്നിശമന സേനാ വകുപ്പ് അറിയിച്ചു. ചിലിയുടെ മധ്യ, തെക്കൻ ഭാഗങ്ങളിൽ 37 സെൽഷ്യസ് (99 ഫാരൻഹീറ്റ്) വരെ താപനില ഉയരുമെന്ന് പ്രതീക്ഷിക്കുന്ന അതിശക്തമായ ചൂട് മുന്നറിയിപ്പുകൾ നൽകിയിരുന്നു. രാജ്യത്തുടനീളം 23 തീപിടിത്തങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 

ഉബിൾ, ബിയോ ബിയോ പ്രദേശങ്ങളിലേതാണ് ഏറ്റവും തീവ്രം. അതീവ ഗുരുതര സാഹചര്യം കണക്കിലെടുത്ത് പ്രസിഡന്റ് ഗബ്രിയേല്‍ ബോറിക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇതുവരെ 20,000 ഹെക്ടറിലധികം കത്തിനശിച്ചു. വാരാന്ത്യത്തിൽ പെൻകോ, ലിർക്വെൻ പട്ടണങ്ങളെ അതിവേഗം പടർന്നുപിടിച്ച തീപിടുത്തം നൂറുകണക്കിന് വീടുകൾ നശിപ്പിക്കുകയും നിരവധി പേർ കൊല്ലപ്പെടുകയും ചെയ്തു. 

നാശനഷ്ടങ്ങൾ അധികൃതർ ഇപ്പോഴും വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. ചിലിയും അർജന്റീനയും പുതുവർഷത്തെ വരവേറ്റത് ഉഷ്ണതരംഗങ്ങളോടെയാണ്. ഈ മാസം ആദ്യം, അർജന്റീനയിലെ പാറ്റഗോണിയയിൽ കാട്ടുതീ പടർന്നുപിടിച്ച് ഏകദേശം 15,000 ഹെക്ടർ പ്രദേശം കത്തിനശിച്ചു. 

Exit mobile version