Site iconSite icon Janayugom Online

വന്യജീവി ആക്രമണം: തീവ്രമേഖലകളില്‍ പ്രത്യേക ടീമുകള്‍

വന്യജീവി ആക്രമണം നിരന്തരമായി ഉണ്ടാകുന്ന മേഖലകളില്‍ പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചുകൊണ്ട് ഉത്തരവായി. അഞ്ച് വനം സര്‍ക്കിളുകളിലാണ് പ്രത്യേക ടീമുകള്‍ രൂപീകരിച്ചത്. വന്യജീവി ആക്രമണം സംബന്ധിച്ച പ്രശ്നങ്ങള്‍ ഏകോപിപ്പിക്കുന്നതിനും പരിഹരിക്കുന്നതിനുമായി വനം വകുപ്പിന്റെ സര്‍ക്കിള്‍ തലങ്ങളിലെ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരെ നോഡല്‍ ഓഫിസര്‍മാരായി നിയമിച്ചുകൊണ്ട് കഴിഞ്ഞ ഡിസംബറില്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ നോഡല്‍ ഓഫിസര്‍മാരുടെ നേതൃത്വത്തിലാണ് വനം മന്ത്രി എ കെ ശശീന്ദ്രന്റെ പ്രത്യേക നിര്‍ദേശപ്രകാരം ഇപ്പോള്‍ സ്‌പെഷ്യല്‍ സംഘങ്ങള്‍ രൂപീകരിച്ചത്.
വടക്ക് സര്‍ക്കിളിന് കീഴില്‍ കണ്ണൂര്‍ ഡിവിഷനിലെ ആറളം, സൗത്ത് വയനാട് ഡിവിഷനിലെ പുല്‍പ്പള്ളി, നോര്‍ത്ത് വയനാട് ഡിവിഷനിലെ തിരുനെല്ലി, കാസര്‍കോട് ഡിവിഷനിലെ പാണ്ടി എന്നീ തീവ്രമേഖലകളിലാണ് പ്രത്യേക ടീമുകളെ നിയോഗിച്ചിട്ടുള്ളത്. കിഴക്കന്‍ സര്‍ക്കിളിന് കീഴില്‍ നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷനിലെ ഇടക്കോട്, മണ്ണാര്‍ക്കാട് ഡിവിഷനിലെ പുതൂര്‍ പ്രദേശം, പാലക്കാട് ഡിവിഷനിലെ വാളയാര്‍ എന്നിവയാണ് തീവ്രമേഖലകള്‍. 

മധ്യ സര്‍ക്കിളിന് കീഴില്‍ തൃശൂര്‍ ഡിവിഷനിലെ വാഴാനി, പട്ടിക്കാട്, ചാലക്കുടി ഡിവിഷനിലെ പാലപ്പിള്ളി പ്രദേശം, മലയാറ്റൂര്‍ ഡിവിഷനിലെ മണികണ്ഠന്‍ചാല്‍, വാടാട്ടുപാറ, കണ്ണിമംഗലം, വാവേലി, ഹൈറേഞ്ച് സര്‍ക്കിളിന് കീഴില്‍ മൂന്നാര്‍, പീരുമേട്, കട്ടപ്പന എന്നിവിടങ്ങളിലാണ് സംഘം പ്രവര്‍ത്തിക്കുക. സതേണ്‍ സര്‍ക്കിളില്‍ തിരുവനന്തപുരം ഡിവിഷനിലെ പാലോട്, തെന്മല ഡിവിഷനിലെ ആര്യങ്കാവ്, റാന്നി ഡിവിഷനിലെ തണ്ണിത്തോട് എന്നിവിടങ്ങളിലാണ് സ്‌പെഷ്യല്‍ ടീമുകള്‍ രൂപീകരിച്ചത്.

തീവ്രമേഖലകളായി കണ്ടെത്തിയ സ്ഥലങ്ങള്‍ ആസ്ഥാനമാണെങ്കിലും വന്യജീവി ആക്രമണം ഉണ്ടാകുന്ന സമീപ പ്രദേശത്തെ എല്ലാ മേഖലകളിലും ഈ സംഘം പ്രവര്‍ത്തിക്കും. സ്‌പെഷ്യല്‍ ടീമില്‍ ഡിഎഫ്ഒ ടീം ലീഡര്‍ ആയിരിക്കും. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, റേഞ്ച് ഓഫിസര്‍, ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാര്‍, വാച്ചര്‍മാര്‍ എന്നിവര്‍ അംഗങ്ങളാണ്. വൈല്‍ഡ് ലൈഫ് വിഭാഗത്തിനു പുറമെ സോഷ്യല്‍ ഫോറസ്ട്രിയിലെയും ടെറിട്ടോറിയല്‍ വിഭാഗത്തിലെയും ജീവനക്കാരെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടാണ് സംഘം രൂപീകരിച്ചിട്ടുള്ളത്. 

Eng­lish Sum­ma­ry: Wildlife Attacks: Spe­cial Teams in Extreme Zones

You may also like this video

Exit mobile version