Site icon Janayugom Online

വന്യജീവി-മനുഷ്യ സംഘട്ടനം; ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരുകള്‍ക്കെന്ന് കേന്ദ്രം

വന്യജീവികളുടെയും മനുഷ്യ‑വന്യജീവി സംഘട്ടനങ്ങളുടെയും ഭരണാധികാരം സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്തമാണെന്ന് കേന്ദ്രം. സിപിഐ നേതാവ് പി സന്തോഷ് കുമാറിന്റെ ചോദ്യത്തിന് രാജ്യസഭയില്‍ കേന്ദ്ര വനം വകുപ്പ് സഹമന്ത്രി അശ്വിനി കുമാര്‍ ചൗബെ നല്കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മനുഷ്യ‑വന്യജീവി സംഘർഷങ്ങളുടെ എണ്ണം ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമാണ്. ഈ കണക്കുകള്‍ കാലാകാലങ്ങളില്‍ കേന്ദ്രം സമാഹരിക്കാറുണ്ട്. മനുഷ്യ‑വന്യജീവി സംഘട്ടനങ്ങളുമായി ബന്ധപ്പെട്ട് സാമ്പത്തികവും സാങ്കേതികവുമായ സഹായങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് നല്കാറുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഇരകളുടെ കുടുംബത്തിനും പരിക്കേല്‍ക്കുന്നവര്‍ക്കും നഷ്ടപരിഹാരം നല്കുന്നതിനും ധനസഹായം നല്കാറുണ്ട്. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ആവശ്യമായ നിര്‍ദേശങ്ങളും മാര്‍ഗരേഖകളും പുറപ്പെടുവിക്കാറുണ്ടെന്നും മന്ത്രി അറിയിച്ചു. ഈ നിര്‍ദേശങ്ങള്‍ നടപ്പിലാക്കേണ്ടത് സംസ്ഥാനങ്ങളാണ്. ആവാസ വ്യവസ്ഥ മെച്ചപ്പെടുത്തല്‍, മൃഗങ്ങള്‍ക്കുള്ള തീറ്റയും വെള്ളവും കാട്ടിനുള്ളില്‍ തന്നെ ലഭ്യമാക്കല്‍, സംഘര്‍ഷ തീവ്രമേഖലകള്‍ കണ്ടെത്തല്‍, ദ്രുതകര്‍മ സേനകളുടെ രൂപീകരണം തുടങ്ങിയവയാണ് മനുഷ്യ‑വന്യജീവി സംഘര്‍ഷം ഒഴിവാക്കുന്നതിനുള്ള മാര്‍ഗങ്ങളായി നിര്‍ദേശിക്കാറുള്ളതെന്ന് അദ്ദേഹം അറിയിച്ചു.

മൂന്നുവര്‍ഷത്തിനിടെ മരണം 1581

രാജ്യത്ത് മൂന്നുവര്‍ഷത്തിനിടെ വന്യജീവികളുടെ ആക്രമണത്തില്‍ മരിച്ചത് 1581 പേര്‍. 2019–20ല്‍ 585, 2020–21ല്‍ 461, 2021–22ല്‍ 535 പേര്‍ വീതമാണ് വിവിധ സംസ്ഥാനങ്ങളിലായി മരിച്ചതെന്ന് പി സന്തോഷ് കുമാറിന്റെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര വനം വകുപ്പ് സഹമന്ത്രി അറിയിച്ചു. ആദ്യ രണ്ടുവര്‍ഷം ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഒഡിഷയിലായിരുന്നു, യഥാക്രമം 117, 93, പേര്‍ വീതം. 2021–22ല്‍ ഝാര്‍ഖണ്ഡില്‍ 133 പേര്‍ മരിച്ചു. 2019–20ല്‍ പശ്ചിമ ബംഗാളില്‍ 117, ഝാര്‍ഖണ്ഡില്‍ 84, ചത്തീസ്ഗഢില്‍ 77, അസമില്‍ 75 പേര്‍ വീതമാണ് മരിച്ചത്. 2020–21ല്‍ അസമില്‍ 91, ഝാര്‍ഖണ്ഡില്‍ 74, തമിഴ്‌നാട്ടില്‍ 57 പേര്‍ വീതവും 2021–22ല്‍ ഒഡിഷയില്‍ 112, പശ്ചിമ ബംഗാളില്‍ 77, ചത്തീസ്ഗഢില്‍ 64, അസമില്‍ 63 പേര്‍ വീതവും മരണമുണ്ടായി. മൂന്ന് വര്‍ഷങ്ങളില്‍ കേരളത്തിലുണ്ടായ മരണം യഥാക്രമം 12, 20, 25 ആയിരുന്നുവെന്ന് മറുപടിയിലുണ്ട്. ഈ വര്‍ഷങ്ങളില്‍ കടുവയുടെ ആക്രമണങ്ങളില്‍ കൂടുതല്‍ മരണമുണ്ടായത് മഹാരാഷ്ട്രയിലാണ്, യഥാക്രമം 25, 32, 84.

Eng­lish Sum­ma­ry: wildlife-human con­flict; The cen­ter says that the respon­si­bil­i­ty lies with the state governments
You may also like this video

Exit mobile version