Site iconSite icon Janayugom Online

വന്യജീവി സമ്പത്ത് അപ്രത്യക്ഷമാകുന്നു

കഴിഞ്ഞ അമ്പത് വര്‍ഷത്തിനിടെ വന്യജീവി സമ്പത്തിന്റെ മൂന്നില്‍ രണ്ടുഭാഗവും അപ്രത്യക്ഷമായി. കാടുകള്‍ വെട്ടിത്തെളിച്ചതും സമുദ്രങ്ങള്‍ മലിനമായതുമാണ് വന്യജീവികളുടെ എണ്ണത്തില്‍ കുറവ് വരുത്തിയത്. വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടും (ഡബ്ല്യുഡബ്ല്യുഎഫ്) സൂവോളജിക്കല്‍ സൊസൈറ്റി ഓഫ് ലണ്ടനും (ഇസഡ്എസ്എല്‍) ചേര്‍ന്നാണ് ലിവിങ് പ്ലാനെറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 1970, 2018 വര്‍ഷങ്ങളിലെ വിവരങ്ങള്‍ വിശകലനം ചെയ്താണ് പുതിയ കണ്ടെത്തലുകള്‍ നടത്തിയിരിക്കുന്നത്. ആഗോള വന്യ ജീവി സമ്പത്തില്‍ 69 ശതമാനത്തോളം കുറവുണ്ടായെന്നാണ് പഠനത്തിലൂടെ കണ്ടെത്തിയത്. ഭൂഖണ്ഡങ്ങളിലെ 32,000 ജീവജാലങ്ങളില്‍ 5230 ജന്തു ഇനങ്ങളെ അപഗ്രഥിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. വനനശീകരണം, മനുഷ്യന്റെ ചൂഷണം, മലിനീകരണം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവയെല്ലാം വന്യജീവികളുടെ നാശത്തിന് കാരണമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ലാറ്റിന്‍ അമേരിക്കയിലും കരീബിയന്‍ തീരത്തുമാണ് കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടെ ഏറ്റവും അധികം വന്യജീവികള്‍ അപ്രത്യക്ഷമായത്. 94 ശതമാനമാണ് ഈ ഇടിവ്. ബ്രസീലിയന്‍ ആമസോണിലെ ഡോള്‍ഫിനുകളുടെ എണ്ണം 1994 മുതല്‍ 2016 വരെയുള്ള കാലയളവില്‍ 65 ശതമാനത്തിന്റെ കുറവുണ്ടായതായും റിപ്പോര്‍ട്ട് പറയുന്നു. 2020 ല്‍ ഡബ്ല്യുഡബ്ല്യുഎഫ് ന്റെ കണക്കുകളോട് സാമ്യമുള്ള റിപ്പോര്‍ട്ടുകളാണിത്. എല്ലാവര്‍ഷം വന്യജീവി ജനസംഖ്യയില്‍ പ്രതിവര്‍ഷം 2.5 ശതമാനം കുറവാണുണ്ടാകുന്നതെന്ന് ഇസഡ്എസ്എല്‍ കണ്‍സര്‍വേഷന്‍ ആന്റ് പോളിസി വിഭാഗം ഡയറക്ടര്‍ ആന്‍ഡ്രൂ ടെറി പറഞ്ഞു. ദിനോസറുകള്‍ തുടച്ചുനീക്കപ്പെട്ടതിന് ശേഷം ആറാമത്തെ വ­ലിയ വംശനാശത്തിലേക്കാണ് ജീവിവര്‍ഗം നടന്നടുക്കുന്നതെന്ന് പല ശാസ്ത്രഞ്ജരും അഭിപ്രായപ്പെടുന്നു.

ഡിസംബറില്‍ കാനഡയില്‍ വച്ച് നടക്കുന്ന കോപ് 15 ആഗോള ജെെവവെെവിധ്യ സമ്മേളനത്തില്‍ ലോകനേതാക്കളോട് കാര്‍ബണ്‍ ബഹിഷ്കരണം തടയാനും ആഗോളതാപനം 1.5 ഡിഗ്രി സെല്‍ഷ്യസിന് താഴെ നിലനിര്‍ത്താനും പ്രകൃതി നാശം തടയാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് 89 ഓളം വരുന്ന എഴുത്തുകാര്‍ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആമസോണിന് ശേഷം ഏറ്റവും വലിയ വന്യജിവിനാശം സംഭവിച്ചതായി കണ്ടെത്തിയിരിക്കുന്നത് ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലാണ്. 66ശതമാനമാണ് ആഫ്രിക്കയിലെ വന്യജീവികളുടെ നാശം.55 ശതമാനം ജീവിവര്‍ഗങ്ങളുടെ നാശം കണ്ടെത്തിയിരിക്കുന്ന ഏഷ്യാ പസഫിക് മേഖലയാണ് മൂന്നാം സ്ഥാനത്തുള്ളത് 20 ശതമാനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വടക്കേ അമേരിക്കന്‍ വന്‍കരയിലും 18 ശതമാനം കണ്ടെത്തിയ യൂറോപ്പ് മധ്യേഷ്യന്‍ വന്‍കരകളിലുമാണ് താരതമ്യേന വംശനാശം കുറവ്.

Eng­lish Sum­ma­ry: Wildlife wealth is disappearing
You may also like this video

Exit mobile version