Site iconSite icon Janayugom Online

മുര്‍മു പ്രത്യാശകള്‍ നിറവേറ്റുമോ?

DroupatiDroupati

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷിക വേളയില്‍ ദ്രൗപദി മുര്‍മു എന്ന ആദിവാസി വനിത 135 കോടി ഭാരതീയരുടെ ഭരണനേതൃത്വത്തില്‍ എത്തപ്പെട്ടുവെന്നത് ഒരു ചരിത്രനിമിഷം തന്നെയാണ്. അവഗണിക്കപ്പെട്ടവരുടെയും അതിദരിദ്രരായവരുടെയും പ്രതിനിധി ഇന്ത്യയുടെ പരമോന്നത അധികാരപദവിയില്‍ എത്തിച്ചേരണമെന്ന മഹാത്മാഗാന്ധിയുടെ ഒരു സ്വപ്നം സഫലമായിരിക്കുകയാണ് ദ്രൗപദി മുര്‍മുവിന്റെ രാഷ്ട്രപതി സ്ഥാനാരോഹണത്തോടെ.
രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷമായിട്ടും ആദിവാസി — ദളിത് വിഭാഗത്തിലെ മഹാഭൂരിപക്ഷവും ഇപ്പോഴും ശോച്യാവസ്ഥയിലാണ്. ഐക്യരാഷ്ട്രസഭയുടെ 2021 ലെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ 13 കോടിയോളമുള്ള ആദിവാസി ജനസംഖ്യയില്‍ ആറരക്കോടി പേര്‍ ദാരിദ്ര്യപീഡയനുഭവിക്കുന്നവരാണ്. കോര്‍പറേറ്റുകള്‍‍ അവരുടെ മണ്ണും ആവാസ സ്ഥലങ്ങളും കൈയേറിക്കൊണ്ടിരിക്കുന്നു. അധികാരികള്‍ അതിന് ഒത്താശകളും ചെയ്തുകൊടുക്കുന്നു.
ദ്രൗപദി മുര്‍മുവിന്റെ സ്ഥാനാരോഹണം ആദിവാസി സമൂഹങ്ങളില്‍ തീര്‍ച്ചയായും ഭാവിയെക്കുറിച്ച് പ്രത്യാശയും ജീവിതത്തില്‍ ആത്മവിശ്വാസവും വളര്‍ത്തുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ അവരുടെ അധികാരപരിധിയില്‍ നിന്ന് അവര്‍ക്ക് എന്തൊക്കെ ചെയ്യാനാകുമെന്ന് കാലമാണ് ഇനി രേഖപ്പെടുത്തേണ്ടത്. ഇന്ത്യയില്‍ രാഷ്ട്രപതിയുടെ അധികാരങ്ങള്‍ വളരെ പരിമിതമാണ്. അമേരിക്കയിലേതുപോലെ ഒരു എക്സിക്യൂട്ടീവ് പ്രസിഡന്റല്ല ഇന്ത്യന്‍ പ്രസിഡന്റ്. നമ്മുടേത് ഒരു പ്രതീകാത്മ പദവിയാണ്. ഗവര്‍ണര്‍മാര്‍ക്കുള്ള അധികാരംപോലും രാഷ്ട്രപതിയില്‍ നിക്ഷിപ്തമല്ല. എങ്കിലും ദ്രൗപദി മുര്‍മുവിന്റെ വരവ് പ്രതീകാത്മകതയ്ക്കപ്പുറത്ത് ഒരു സന്ദേശം മുന്നോട്ടുവയ്ക്കുന്നുണ്ട്. ഇന്ത്യയിലെ പതിമൂന്നു കോടിയിലേറെ വരുന്ന ആദിവാസികളുടെ ആശയാഭിലാഷങ്ങള്‍ക്ക് മുര്‍മു ഊര്‍ജവും ആവേശവുമാകും.
ബ്രിട്ടീഷ് സാമ്രാജ്യത്വത്തോട് പടവെട്ടിയ ചരിത്രമുള്ള സന്താള്‍ പോരാളികളുടെ പിന്‍മുറക്കാരിയാണ് മുര്‍മു. സാമൂഹികരംഗത്തും ഭരണരംഗത്തും കാല്‍നൂറ്റാണ്ടിലേറെ പ്രവര്‍ത്തന പരിചയം അവര്‍ക്കുണ്ട്. ദ്രൗപദി ഝാര്‍ഖണ്ഡില്‍ ഗവര്‍ണറായിരിക്കുമ്പോള്‍ ആദിവാസികളുടെ വനാവകാശത്തില്‍ കൈവയ്ക്കാനിടയാക്കുന്ന ബില്‍ നിയമസഭ പാസാക്കിയപ്പോള്‍ അതില്‍ ഒപ്പിടാതെ തിരിച്ചയച്ചിരുന്നു. അവരെ ഗവര്‍ണറായി നിയോഗിച്ച ബിജെപി മുന്നണിയുടെ താല്പര്യംപോലും കണക്കിലെടുക്കാതെയായിരുന്നു മുർമുവിന്റെ നടപടി. ഭര്‍ത്താവിന്റെയും ആണ്‍ മക്കളുടെയും അകാലവിയോഗം തീര്‍ത്ത സങ്കടക്കടലുകള്‍ സഹനത്തിലൂടെ താണ്ടിയാണ് ദ്രൗപദി മുര്‍മു സാമൂഹ്യ ജീവിതത്തില്‍ തന്റെ ഇടം നിര്‍ണയിച്ചത്. മുള്‍വഴികള്‍ പിന്നിട്ട ദ്രൗപദിയുടെ ജീവിതയാത്രതന്നെയാണ് അവരുടെ കരുത്തും സ്ഥൈര്യവും.


ഇതുകൂടി വായിക്കൂ: മുര്‍മുവിനെ കൊണ്ടാടുന്നവര്‍ സ്റ്റാന്‍ സ്വാമിയെയുമോര്‍ക്കണം


രാഷ്ട്രപതി സ്ഥാനത്തേക്ക് പൊതുസമ്മതിയുള്ള ഒരാള്‍ വരുന്നതാണ് അഭിലഷണീയ മെന്നും മത്സരം ഒഴിവാക്കപ്പെടേണ്ടതാണെന്നുമുള്ള ഒരു ചിന്ത പൊതുവില്‍ നിലനില്ക്കുന്നുണ്ടെങ്കിലും വര്‍ത്തമാനകാല രാഷ്ട്രീയ ഇന്ത്യയില്‍ അങ്ങനെ സംഭവിക്കുന്നില്ല. ഇക്കുറി പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയ്ക്ക് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മുവിനെതിരെ ശക്തമായ വെല്ലുവിളി ഉയര്‍ത്താനായില്ല. അതുകൊണ്ടുതന്നെ ദ്രൗപദി മുര്‍മുവിന്റെ വിജയം അപ്രതീക്ഷിതവുമായിരുന്നില്ല. മുര്‍മുവിനെ ദേശീയ – പ്രാദേശിക തലങ്ങളില്‍ നിന്നായി 44 പാര്‍ട്ടികളാണ് പിന്തുണച്ചത്. പ്രതിപക്ഷ നിരയിലെ എട്ടു പാര്‍ട്ടികളും അതില്‍പ്പെടുന്നു. യശ്വന്ത് സിന്‍ഹയ്ക്കൊപ്പം 34 പാര്‍ട്ടികളാണ് നിന്നത്. 140 വോട്ടും യശ്വന്ത് സിന്‍ഹയ്ക്ക് ലഭിക്കുമെന്ന് കരുതിയ കേരളത്തില്‍ നിന്ന് ഒരു വോട്ട് ദ്രൗപദി മുര്‍മുവിനാണ് ലഭിച്ചത്. എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായ മുര്‍മുവിന് കേരളത്തില്‍ നിന്ന് കിട്ടിയ ആ വോട്ട് ആരുടേതെന്ന സംശയം ഉത്തരം കിട്ടാതെ അവശേഷിക്കുന്നു. പ്രതിപക്ഷ പാര്‍ട്ടികളെ പൊതുവേദിയില്‍ കൊണ്ടുവരാന്‍ തെരഞ്ഞെടുപ്പ് ഫലത്തിന് സാധിച്ചുവെന്നാണ് യശ്വന്ത് സിന്‍ഹ ഫലം വന്നശേഷം പ്രതികരിച്ചത്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഏകോപനം അത്രകണ്ട് ശക്തമായില്ലെങ്കിലും 2024 ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ ശാക്തീകരണ ശ്രമം ഇപ്പോഴേ തുടരേണ്ടത് ജനാധിപത്യ സംരക്ഷണത്തിന് അനിവാര്യമാണ്.


ഇതുകൂടി വായിക്കൂ: പുതിയൊരു പ്രസിഡന്റ്, പക്ഷെ


രാജ്യത്ത് രാഷ്ട്രപതി തെരഞ്ഞെടുപ്പ് പ്രക്രിയ നിശ്ചിത കാലയളവുകള്‍ക്കനുസരിച്ച് പതിറ്റാണ്ടുകളായി നടക്കുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പ് രീതിയില്‍ വൈകല്യങ്ങള്‍ നിലനില്ക്കുന്നതായി ഭരണഘടനാ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. രാഷ്ട്രപതിയുടെ തെരഞ്ഞെടുപ്പിനായി ഉപയോഗിക്കുന്നത് സംസ്ഥാനങ്ങളുടെ ജനസംഖ്യയും അവിടത്തെ ലോക്‌സഭയിലെയും നിയമസഭകളിലെയും ജനപ്രതിനിധികളുടെ എണ്ണവും അടിസ്ഥാനമാക്കിയാണ്. എന്നാല്‍ ഇതു രണ്ടും 1971 ലെ കാനേഷുമാരി അടിസ്ഥാനമാക്കിയാണ് ഇപ്പോഴും നിജപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ ജനസംഖ്യയിലുണ്ടായ വര്‍ധന രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ ഇലക്ടറല്‍ കോളജിലോ വോട്ടുമൂല്യത്തിലോ പ്രതിഫലിക്കുന്നുണ്ടോ എന്ന സംശയമാണ് ഉയരുന്നത്. ജനസംഖ്യയില്‍ ഉണ്ടായ വര്‍ധനയും സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം ലോക്‌സഭയിലും നിയമസഭകളിലും ആനുപാതികമായി വര്‍ധിപ്പിക്കാത്തതും 1977 നുശേഷം നടന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വോട്ടുമൂല്യത്തില്‍ ഇടം നേടിയിട്ടില്ല. 2022 ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ 1971 കാനേഷുമാരി അടിസ്ഥാനമാക്കിയ ജനസംഖ്യ വോട്ട് മൂല്യനിര്‍ണയത്തിനായി ഉപയോഗിക്കുന്നത് അനൗചിത്യമാണെന്നും മാറിയ സാഹചര്യത്തില്‍ ജനപ്രതിനിധികളുടെ യഥാര്‍ത്ഥ വോട്ടുമൂല്യം എന്തായിരിക്കുമെന്ന് ഇലക്ഷന്‍ കമ്മിഷനുപോലും നിശ്ചയമില്ലാത്ത സാഹചര്യമാണെന്നും ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു.
രാജ്യം ഭരിക്കുന്ന എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയായി രാഷ്ട്രപതി സ്ഥാനത്തേക്കുയര്‍ന്ന ദ്രൗപദി മുര്‍മുവിന് ഭരണഘടനയെ സധൈര്യം സംരക്ഷിക്കാന്‍ കഴിയട്ടേ എന്ന് ആശിക്കാം.

മാറ്റൊലി

വിശന്നുവലഞ്ഞപ്പോള്‍ അല്പം ആഹാരം എടുത്തുകഴിച്ച മധു എന്ന ആദിവാസിയെ തല്ലിക്കൊന്ന കേസിലെ സാക്ഷികള്‍ അനുദിനം കൂറുമാറുകയാണ്. റെയ്സിനകുന്നിലെ സ്ഥാനാരോഹണം ഇത്തരം ഭയത്തെയും പ്രീണനത്തെയും അകറ്റുവാന്‍ ഉതകട്ടെ.

Exit mobile version