ബി ജെ പിയോട് ഒരിക്കലും സന്ധി ചെയ്യില്ലെന്നും അവരോടുള്ള നിലപാടില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി എം കെ നേതാവുമായ എം കെ സ്റ്റാലിന്‍. പ്രമുഖ ദളിത് നേതാവും ഡി എം കെ സഖ്യകക്ഷിയുമായ വിടുതലൈ ചിരുതൈഗല്‍ കച്ചി (വി സി കെ) തലവനുമായ തോല്‍ തിരുമാവളവന്റെ 60-ാം ജന്മദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സ്റ്റാലിന്‍.
രണ്ട് പാര്‍ട്ടികളും തമ്മില്‍ ഒരു ബന്ധവുമില്ലാത്തതിനാല്‍ ഡി എം കെ, ബി ജെ പിയുമായി ചെറിയ ആശയപരമായ വിട്ടുവീഴ്ച പോലും ചെയ്യില്ലെന്ന് എം കെ സ്റ്റാലിന്‍ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കാണാന്‍ ദേശീയ തലസ്ഥാനത്തേക്ക് പോകുന്നത് തമിഴ്‌നാട് മുഖ്യമന്ത്രി എന്ന നിലക്കാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കേന്ദ്രസര്‍ക്കാരില്‍ നിന്ന് നമ്മുടെ ജനങ്ങള്‍ക്ക് ആവശ്യമായ പദ്ധതികള്‍ ലഭ്യമാക്കാന്‍ തമിഴ്നാട് മുഖ്യമന്ത്രി എന്ന നിലയില്‍ ഞാന്‍ ഡല്‍ഹിയിലേക്ക് പോകുകയാണ്. സംസ്ഥാനവും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള ബന്ധം ഡി എം കെയും ബി ജെ പിയും തമ്മിലുള്ള ബന്ധമായി തെറ്റിദ്ധരിക്കരുത് എന്നും എം കെ സ്റ്റാലിന്‍ പറഞ്ഞു
ബിജെപിയുമായുള്ള ചെറിയ വിട്ടുവീഴ്ചകള്‍ പോലും തമിഴ്നാട്ടിലെ സെക്യുലര്‍ പുരോഗമന സഖ്യത്തിന്റെ ബി ജെപി വിരുദ്ധ നിലപാടിന് മങ്ങലേല്‍പ്പിക്കും എന്ന തിരുമാവളവന്റെ പരാമര്‍ശങ്ങളോട് പ്രതികരിച്ച സ്റ്റാലിന്‍, ഈ ഉപദേശം യഥാര്‍ത്ഥ മനോഭാവത്തിലാണ് സ്വീകരിക്കുന്നതെന്നും ഡി എം കെയും ബി ജെ പിയും തമ്മില്‍ പ്രത്യയശാസ്ത്രപരമായ ബന്ധമില്ലെന്നും വ്യക്തമാക്കി.അതിനാല്‍ തിരുമാവളവന്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
ദ്രാവിഡ പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്രങ്ങളിലും മൂല്യങ്ങളിലും സ്റ്റാലിന്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല. ഒരു ചെറിയ പ്രത്യയശാസ്ത്ര വിട്ടുവീഴ്ച പോലും ഞാന്‍ ചെയ്യില്ല, അദ്ദേഹം വ്യക്തമാക്കി. സാമൂഹ്യ പരിഷ്‌കര്‍ത്താവും ദ്രാവിഡ പ്രസ്ഥാനത്തിന്റെ സ്ഥാപകനുമായ പെരിയാറിനെ എതിര്‍ത്തവര്‍ ഇപ്പോള്‍ ഡിഎംകെയെയും എതിര്‍ക്കുന്നുവെന്നും സ്റ്റാലിന്‍ പരാമര്‍ശിച്ചു.
ഇതിനര്‍ത്ഥം ഞങ്ങള്‍ ഇപ്പോഴും ദ്രാവിഡ പ്രത്യയശാസ്ത്രത്തില്‍ ഉറച്ചുനില്‍ക്കുന്നു എന്നാണ്. പെരിയാര്‍, സി എന്‍ അണ്ണാദുരൈ (ഡി എം കെ സ്ഥാപകന്‍), കലൈഞ്ജര്‍ എന്നിവരുടെ ദ്രാവിഡ സ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് തന്റെ സര്‍ക്കാര്‍ നിലവില്‍ വന്നിരിക്കുന്നതെന്നും എം കെ സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ അണ്ണാദുരൈയുടെ പാത പിന്തുടരാന്‍ സ്റ്റാലിനോട് തിരുമാവളവന്‍ ആവശ്യപ്പെട്ടിരുന്നു.
English Summary: Will never reconcile with BJP: MK Stalin
You may also like this video: