Site iconSite icon Janayugom Online

മാവോയിസ്റ്റുകളെ വെടിവച്ച് കൊല്ലുന്ന നയത്തെ അംഗീകരിക്കില്ല: ബിനോയ് വിശ്വം

രാഷ്ട്രീയ നിലപാടിന്റെ പേരിൽ ആരെയും വെടിവച്ച് കൊല്ലുന്ന കേന്ദ്ര നയത്തെ സിപിഐ അംഗീകരിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മാവോയിസ്റ്റുകളെ വെടിവച്ച് കൊല്ലുന്ന ബിജെപിയുടെ അരാഷ്ട്രീയ നിലപാടിനെ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗീകരിക്കില്ല. സിപിഐ എറണാകുളം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം കോതമംഗലം കല ഓഡിറ്റോറിയത്തിൽ (പി രാജു നഗറിൽ) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് എല്ലാ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും വിശാലമായ ഐക്യത്തിലേക്ക് കാൽവയ്ക്കാൻ നേരമായെന്ന് അദ്ദേഹം പറഞ്ഞു. 

ഇതിന് സിപിഐയും സിപിഐഎമ്മും മുൻകയ്യെടുക്കണം. ഇത്തരം ഐക്യത്തിന് തത്വാധിഷ്ഠിതമായ പുനരേകീകരണമാണ് വേണ്ടത്. കേരളത്തിൽ സിപിഐ വലിയ തിരുത്തൽ ശക്തിയായി മുന്നോട്ട് പോകും. ഏറ്റവും വലിയ ജനാധിപത്യ പാർട്ടിയാണ് സിപിഐ. സിപിഐയുടെ ഒരോ വിമർശനങ്ങളും എൽ‍ഡിഎഫിനെ ശക്തിപ്പെടുത്താൻ വേണ്ടിയുള്ളതാണ്. ഇന്ത്യൻ രാഷ്ട്രീയത്തിൽ ജനങ്ങൾ കത്തിച്ച് വച്ച വിളക്കാണ് എൽഡിഎഫ്. ആ വെളിച്ചം കെടുത്താൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രാവിലെ സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം കെ കെ അഷറഫ് ദീപശിഖ ഏറ്റുവാങ്ങി ദീപം തെളിയിച്ചു. 

തുടർന്ന് സമ്മേളന നഗരിയിൽ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം കമലാ സദാനന്ദൻ പതാക ഉയർത്തി. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ശാന്തമ്മ പയസ് രക്തസാക്ഷി പ്രമേയവും ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ എൻ സുഗതൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എൽദോ എബ്രഹാം സ്വാഗതം പറഞ്ഞു. സംസ്ഥാന കൗൺസിൽ അംഗം എൻ അരുൺ രാഷ്ട്രീയ റിപ്പോർട്ടും ജില്ലാ സെക്രട്ടറി കെ എം ദിനകരൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പി രാജേന്ദ്രൻ, മന്ത്രിമാരായ കെ രാജൻ, ജെ ചിഞ്ചുറാണി, അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ എംപി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ മുല്ലക്കര രത്നാകരൻ, കെ ആർ ചന്ദ്രമോഹനൻ, ആർ രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനം ഇന്നും തുടരും. നാളെ വൈകിട്ട് നാലിന് ചുവപ്പ് സേനാ പരേഡും വനിതാ റാലിയും തുടർന്ന് പൊതുസമ്മേളനവും നടക്കും.

Exit mobile version