സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങളില്‍ ഇടപെടല്‍ നടത്തില്ലെന്ന് പാകിസ്ഥാന്‍ ചീഫ് ജസ്റ്റിസ്. സര്‍ക്കാരിന്റെ വിദേശ നയത്തിലോ മറ്റ് നയപരമായ കാര്യങ്ങളിലോ കോടതി ഇടപെടല്‍ നടത്തില്ല. ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയം തള്ളിയ ഡെപ്യൂട്ടി സ്പീക്കര്‍ ക്വാസിം സുരിയുടെ നടപടികള്‍ മാത്രമാണ് പരിശോധിക്കുകയെന്ന് പാകിസ്ഥാന്‍ ചീഫ് ജസ്റ്റിസ് ഉമര്‍ ബന്ദ്യാല്‍ അറിയിച്ചു. സഭാ നടപടികളുടെ രേഖകള്‍ ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
പാർലമെന്റ് പിരിച്ചുവിട്ട നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ കക്ഷികൾ സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് സുപ്രീംകോടതിയുടെ പരാമര്‍ശം. ചീഫ് ജസ്റ്റിസ് ഉമർ ബന്ദ്യാൽ, അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്.
പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം തള്ളിക്കളഞ്ഞ ഡെപ്യൂട്ടി സ്പീക്കറിന്റെ നടപടിയുടെയും അതിനു പിന്നാലെ പാർലമെന്റ് പിരിച്ചുവിട്ട പ്രസിഡന്റിന്റെ നടപടിയുടെയും ഭരണഘടനാപരമായ സാധുത പരിശോധിക്കുക മാത്രമാണ് ചെയ്യുകയെന്ന് കോടതി വ്യക്തമാക്കി. തിങ്കളാഴ്ച ഹർജി പരിഗണിച്ചതിന്റെ തുടർച്ചയായാണ് പാക് സുപ്രീംകോടതി ഇരു വിഭാഗങ്ങളുടെയും വാദം കേൾക്കാന്‍ തുടങ്ങിയത്. വിധി പറയും മുൻപ് എല്ലാ കക്ഷികളുടെയും വാദം കേൾക്കും.
സുപ്രീംകോടതി വിധി ഇമ്രാൻ ഖാന് അനുകൂലമാണെങ്കിൽ മൂന്നു മാസത്തിനുള്ളിൽ പാകിസ്ഥാനിൽ പൊതുതെരഞ്ഞെടുപ്പ് നടക്കുമെന്നാണ് വിദഗ്ധാഭിപ്രായം. എന്നാല്‍ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന സാമഗ്രികള്‍ ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നത്. ഉദ്യോഗസ്ഥര്‍ക്ക് വേണ്ടത്രപരിശീലനം ആവശ്യമായതിനാല്‍ മൂന്നു മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തുന്നത് അപ്രായോഗികമാണെന്നും കുറഞ്ഞത് ആറ് മാസമെങ്കിലും സമയം ആവശ്യമാണെന്നും ഇമ്രാന്‍ ഖാന്‍ അറിയിച്ചിരുന്നു.
അതേസമയം വിധി എതിരായാൽ പാർലമെന്റ് വീണ്ടും സമ്മേളിച്ച് അവിശ്വാസ പ്രമേയം പരിഗണിക്കാനാണ് സാധ്യത. പാകിസ്ഥാന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൊയീദ് യൂസഫ് രാജിവച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു. അനിശ്ചിതത്വം തുടരുന്നതിനിടെ കാവല്‍ പ്രധാനമന്ത്രിയായി മുൻ ചീഫ് ജസ്റ്റിസ് ഗുൽസാർ അഹമ്മദിനെ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നാമനിർദേശം ചെയ്തിരുന്നു.
English Summary: Will not interfere in policy matters: Pakistan Supreme Court
You may like this video also