മദ്യനയ അഴിമതി കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് ജാമ്യം ലഭിച്ചത്, ഇതേ കേസിൽ ജയിലിൽ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഗുണം ചെയ്യുമെന്ന് ഒരുവിഭാഗം നിയമജ്ഞര്‍ പറയുന്നു. ഇരുവരുടെയും അഭിഭാഷകനായ അഭിഷേക് മനു സിംഘ്‌വി ഇത് സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍ സിസോദിയയ്ക്ക് ജാമ്യം അനുവദിച്ച സുപ്രീം കോടതി വിധി നടപടി ക്രമങ്ങളാണെന്നും ഇത് അദ്ദേഹത്തെ കുറ്റവിമുക്തനാക്കുന്നില്ലെന്നുമുള്ള ബിജെപിയുടെ മുന്നറിയിപ്പ് തള്ളിക്കളയാനാകില്ല. വിചാരണ വൈകുന്നതിന്റെ അടിസ്ഥാനത്തിൽ നൽകിയ അപ്പീൽ പരിഗണിച്ചാണ് സിസോദിയയ്ക്ക് ജാമ്യം ലഭിച്ചതെന്നും അത് വിജയമല്ലെന്നും ബിജെപി എംപി ബൻസുരി സ്വരാജ് പാര്‍ട്ടി ആസ്ഥാനത്ത് നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വെള്ളിയാഴ്ച തിഹാര്‍ ജയിലില്‍ നിന്നിറങ്ങിയ മനീഷ് സിസോദിയ ഭാര്യക്കൊപ്പം ചായ കുടിക്കുന്ന ഫോട്ടോ എക്സില്‍ പോസ്റ്റ് ചെയ്തു. 17 മാസങ്ങള്‍ക്ക് ശേഷമുള്ള സ്വാതന്ത്ര്യത്തിന്റെ ആദ്യ പ്രഭാത ചായ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്. തിഹാര്‍ ജയിലില്‍ കഴിഞ്ഞിരുന്ന സിസോദിയ വെള്ളിയാഴ്ചയാണ് ജാമ്യത്തിലിറങ്ങിയത്. ജയില്‍ മോചിതനായ ശേഷം സിസോദിയ കെജ്‌രിവാളിന്റെ കുടുംബത്തെ കണ്ടു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ഒമ്പതിനാണ് മദ്യനയവുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ ആരോപിച്ച് ഇഡി കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്യുന്നത്.
മരണത്തിനും രോഗത്തിനും നികുതി ചുമത്തുന്ന മോഡി സർക്കാർ
വിചാരണ നീണ്ടുപോകുന്നത് മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് സിസോദിയയ്ക്ക് കടുത്ത നിബന്ധനകളോടെ ജാമ്യം അനുവദിച്ചത്. രണ്ട് ആൾജാമ്യവും 10 ലക്ഷം രൂപ കെട്ടിവയ്ക്കാനും പാസ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ആഴ്ചയിൽ രണ്ടു തവണ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്ന് നിർദേശിച്ച സുപ്രീം കോടതി, തെളിവുകൾ നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുതെന്നും വ്യക്തമാക്കി.
ഇതേ കേസിൽ ഇക്കഴിഞ്ഞ മാർച്ചിലാണ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മൂന്നാഴ്ചത്തെ ഇടക്കാല ജാമ്യം പരമോന്നത കോടതി കെജ്‌രിവാളിന് അനുവദിച്ചിരുന്നു. ജൂണിൽ ഇഡി കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങാനിരിക്കെ സിബിഐ ജയിലിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. അദ്ദേഹത്തിന്റെ കസ്റ്റഡി കാലാവധി ഈ മാസം 20 വരെ നീട്ടിയിട്ടുമുണ്ട്. അറസ്റ്റുമായി ബന്ധപ്പെട്ട് കെജ്‌രിവാൾ നൽകിയ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
അഴിമതിക്കേസിലെ ഗൂഢാലോചനക്കാരനാണ് കെജ്‌രിവാളെന്ന് സിബിഐ അറിയിച്ചതിനെ തുടർന്ന് കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. എന്നാൽ സിസോദിയയ്ക്ക് ജാമ്യം ലഭിച്ച സാഹചര്യത്തിൽ കെജ്‌രിവാളിനും ഇളവ് ലഭിച്ചേക്കുമെന്നാണ് എഎപിയുടെ പ്രതീക്ഷ. ജാമ്യം ചട്ടമാണ്, ജയില്‍ അപൂര്‍വവും എന്ന സിസോദിയയ്ക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതിയുടെ നിരീക്ഷണമാണ് കെജ്‌രിവാളിന്റെ കാര്യത്തിലും അനുകൂലമാകുമെന്ന് കരുതുന്നത്. വിചാരണക്കോടതിയിലേക്കും ഹൈക്കോടതിയിലേക്കും ജാമ്യം തേടി നടത്തിച്ചത് അദ്ദേഹത്തെ പാമ്പും കോണിയും കളിക്കാന്‍ വിട്ടപോലായെന്നും കോടതി വിമര്‍ശിച്ചിരുന്നു.
നേതൃത്വമില്ലാതെ ഉലയുന്ന ആം ആദ്മി പാർട്ടി
നിർണായകമായ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലേക്ക് രാജ്യം നീങ്ങുമ്പോൾ സിസോദിയയുടെ ജയിൽമോചനം ആം ആദ്മി പാർട്ടിക്ക് ആത്മവിശ്വാസം നല്‍കും. പാർട്ടിയിലെ രണ്ടാമനായ സിസോദിയ കെജ്‌രിവാളിന്റെ അസാന്നിധ്യത്തില്‍ പാർട്ടിയുടെയും സർക്കാരിന്റെയും കടിഞ്ഞാൺ ഏറ്റെടുക്കാന്‍ സാധ്യതയുണ്ട്. ഒന്നരവർഷംമുമ്പ് അറസ്റ്റിലാകുമ്പോൾ ഉപ മുഖ്യമന്ത്രിയായിരുന്ന സിസോദിയയ്ക്ക് വിദ്യാഭ്യാസവും ആരോഗ്യവുമുൾപ്പെടെ പ്രധാനപ്പെട്ട 20ഓളം വകുപ്പുകളുടെ ചുമതലയുണ്ടായിരുന്നു.
സ്കൂളുകളും ആശുപത്രികളും നവീകരിച്ചും നൂതനാശയങ്ങൾ നടപ്പാക്കിയും ‘ഡൽഹി മോഡൽ’ സൃഷ്ടിച്ച സിസോദിയയ്ക്ക് ഡല്‍ഹിയില്‍ കെജ്‌രിവാളിനൊപ്പം ജനപിന്തുണയുണ്ട്. സെക്രട്ടേറിയറ്റില്‍ പ്രവേശിക്കുന്നതിനും ഡല്‍ഹി മുഖ്യമന്ത്രിയുടെ ഓഫിസ് സന്ദര്‍ശിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തണമെന്ന ഇഡിയുടെയും സിബിഐയുടെയും വാദം സുപ്രീം കോടതി നിരാകരിച്ചത് സ്ഥാനമേറ്റെടുക്കുന്നതിലെ തടസവും നീക്കിയിട്ടുണ്ട്.