Site iconSite icon Janayugom Online

ഹമാസിനെതിരെയുള്ള ആക്രമണങ്ങളെ പിന്തുണയ്ക്കും: കമല ഹാരിസ്

ഹമാസിനെതിരെ ഗാസയില്‍ ഇസ്രായേല്‍ തുടരുന്ന ആക്രമണങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്ന് യു എസ് വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ കമല ഹാരിസ്. ഹമാസിനെതിരെയുള്ള അമേരിക്കയുടെ നിലപാടില്‍ ഒരു മാറ്റവുമില്ല. ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും നിലപാടില്‍ താന്‍ ഒരു മാറ്റവും വരുത്തില്ലെന്നും കമല ഹാരിസ് വ്യക്തമാക്കി. ഇസ്രായേലിന്റെ ആക്രമണങ്ങളില്‍ നിരപരാധികളായ പലസ്തീനികള്‍ കൊല്ലപ്പെടുന്നതില്‍ ആശങ്കയുണ്ട്. ഈ യുദ്ധം അവസാനിക്കണം. വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തിലാകണം. ബന്ദികളെ മോചിപ്പിക്കണമെന്നും സിഎൻഎന്നിനു നൽകിയ അഭിമുഖത്തിൽ കമല ഹാരിസ് പറഞ്ഞു. 

അമേരിക്കയെ വിഭജിക്കാനുള്ള അജണ്ടയും അഭിലാഷവുമായി നടക്കുന്നയാളാണ്‌ ഡൊണാൾഡ് ട്രംപ്. ട്രംപിന്റെ യാഥാർഥ്യം രാജ്യത്തെ ജനത തിരിച്ചറിയുന്നുണ്ട്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ അതിന്റെ പ്രതിഫലനം ഉണ്ടാകുമെന്നും അവർ പറഞ്ഞു. രാജ്യത്ത് അനധികൃതമായി അതിർത്തി കടന്ന് ആളുകളെത്തുന്നത് പ്രത്യാഘാതമുണ്ടാക്കും. യു.എസിന് നിയമങ്ങളുണ്ട്. അത് പിന്തുടരുകയും പ്രാബല്യത്തിലാക്കുകയും വേണം. ട്രംപിന്റെ വംശീയാധിക്ഷേപത്തെ കുറിച്ച് പഴയകാര്യങ്ങൾ തന്നെയാണ് മുൻ പ്രസിഡന്റ് വീണ്ടും ആവർത്തിക്കുന്നതെന്ന് പറഞ്ഞ കമല ഹാരിസ് വിവാദങ്ങളിൽ കൂടുതൽ പ്രതികരിക്കാനും തയാറായില്ല. കമല ഹാരിസിനെതിരെ അശ്ലീല പരാമർശവുമായി ഡോണാൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. രാഷ്ട്രീയത്തിൽ ഉയരുന്നതിനായി കമലഹാരിസ് മുൻ സാൻഫ്രാൻസിസ്കോ മേയർ വില്ലി ബ്രൗണിന്റെ ലൈംഗികാവശ്യങ്ങൾക്ക് വഴങ്ങിയെന്ന ആരോപണമാണ് സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് ഉയർത്തിയത്. 

Exit mobile version