Site iconSite icon Janayugom Online

ഹമാസിനെ നിരായുധീകരിക്കാന്‍ ഏതുവഴിയും സ്വീകരിക്കും: ബെഞ്ചമിൻ നെതന്യാഹു

ഹമാസിനെ ഏതുവിധേനയും നിരായുധീകരിക്കുമെന്ന് ആവർത്തിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അനായാസമോ കഠിനമായതോ ആയ മാർഗത്തിലൂടെ ആത് സാധ്യമാക്കുമെന്ന് നെതന്യാഹു ഞായറാഴ്ച പറഞ്ഞു. ഗാസയെ സൈനിക മുക്തമാക്കുമെന്നും പ്രതിവാര മന്ത്രിസഭായോഗത്തിൽ നെതന്യാഹു കൂട്ടിച്ചേർത്തു. യുദ്ധാനന്തര പുനർനിർമ്മാണം, സാമ്പത്തിക വീണ്ടെടുപ്പ് തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യാൻ ഗാസയിൽ സമാധാന ബോർഡ് സ്ഥാപിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമാധാന പദ്ധതിയെ അംഗീകരിക്കുന്ന യുഎൻ സുരക്ഷാ സമിതി പ്രമേയത്തിന്റെ വോട്ടെടുപ്പിന് ഒരു ദിവസം മുൻപാണ് നെതന്യാഹുവിന്റെ പ്രസ്താവന.
“20 ഇന പദ്ധതിയിലായാലും മറ്റെന്തിലായാലും, ഈ പ്രദേശം സൈനികമുക്തമാക്കും, ഹമാസിനെ നിരായുധരാക്കും, ഇതാണ് ഞാൻ പറഞ്ഞത്, ഇതാണ് പ്രസിഡന്റ് ട്രംപും പറഞ്ഞത്,” നെതന്യാഹു കൂട്ടിച്ചേർത്തു. വെടിനിർത്തലിനായുള്ള ട്രംപിന്റെ 20 ഘട്ട പദ്ധതി ഗാസയെ സൈനികമുക്തമാക്കാനും ഹമാസ് നിരായുധരാകുമെന്ന് ഉറപ്പുനൽകാനും ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഈ വ്യവസ്ഥ ഹമാസ് ഇതുവരെ അംഗീകരിച്ചിട്ടില്ല. ജോർദാൻ നദിക്ക് പടിഞ്ഞാറ് എവിടെയും പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനോടുള്ള ഇസ്രയേലിന്റെ എതിർപ്പിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നും നെതന്യാഹു വ്യക്തമാക്കി.

പാശ്ചാത്യ രാജ്യങ്ങൾ പലസ്തീൻ രാഷ്ട്രത്തിന് അംഗീകാരം നൽകിയതിനോട് പ്രതികരിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് തീവ്ര വലതുപക്ഷ ധനമന്ത്രി ബെസാലേൽ സ്മോട്രിച്ച് ഉൾപ്പെടെയുള്ള സഖ്യകക്ഷി അംഗങ്ങളിൽ നിന്ന് നെതന്യാഹുവിന് വിമർശനം നേരിടേണ്ടി വന്നിരുന്നു. ഇതിനു മറുപടിയായാണ് പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിലുള്ള എതിർപ്പിനെക്കുറിച്ച് നെതന്യാഹു മന്ത്രിസഭായോഗത്തിൽ ആവർത്തിച്ചത്. മറ്റ് മന്ത്രിമാരും പലസ്തീൻ രാഷ്ട്രപദവിയോടുള്ള തങ്ങളുടെ എതിർപ്പ് പ്രകടിപ്പിച്ചു.

Exit mobile version