2014ൽ 239 യാത്രക്കാരുമായി കാണാതായ മലേഷ്യൻ എയർലൈൻസ് വിമാനം ബോയിംഗ് 777, എംഎച്ച്370‑നുവേണ്ടിയുള്ള തിരച്ചിൽ വീണ്ടും പുനരാരംഭിക്കാൻ തീരുമാനം. ഡിസംബർ 30ന് തിരച്ചിൽ ആരംഭിക്കും. 55 ദിവസം നീണ്ടുനിൽക്കുന്ന ദൗത്യത്തിനാണ് ഇത്തവണ പദ്ധതിയിട്ടിരിക്കുന്നത്.
വിമാനാപകട ചരിത്രത്തിലെ ഏറ്റവും ദുരൂഹമായ അപ്രത്യക്ഷമാവലായിരുന്നു ക്വാലാലംപുരിൽ നിന്ന് ബീജിംഗിലേക്ക് പോയ എംഎച്ച്370 വിമാനത്തിന്റേത്.
ഓഷ്യൻ ഇൻഫിനിറ്റി എന്ന സ്ഥാപനമാണ് ഇത്തവണത്തെ തിരച്ചിലിന് നേതൃത്വം നൽകുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിൻ്റെ അടിത്തട്ടിൽ നടത്തുന്ന പരിശോധനയിൽ കാര്യമായ അവശിഷ്ടങ്ങൾ കണ്ടെത്തുകയാണെങ്കിൽ, കമ്പനിക്ക് 70 മില്യൺ ഡോളർ നൽകും. കഴിഞ്ഞ ഏപ്രിലിൽ തിരച്ചിൽ പുനരാരംഭിച്ചിരുന്നുവെങ്കിലും മോശം കാലാവസ്ഥയെത്തുടർന്ന് നിർത്തിവെക്കേണ്ടി വന്നിരുന്നു.
2014 മാർച്ച് 8നാണ് ടേക്ക് ഓഫിന് എട്ട് മിനിറ്റുകൾക്ക് ശേഷം വിമാനവുമായുള്ള ആശയവിനിമയം ഇല്ലാതായത്. പിന്നീട്, വിമാനം നിശ്ചിത പാതയിൽ നിന്ന് വ്യതിചലിച്ചതായി റഡാർ വിവരങ്ങളിൽ നിന്ന് വ്യക്തമായി. വിമാനത്തിന്റെ നിയന്ത്രണത്തിൽ കൃത്രിമം നടന്നതായി അപ്രത്യക്ഷമാവലിനെത്തുടർന്നുണ്ടായ റിപ്പോർട്ടുകളിൽ പരാമർശമുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല. വിമാനത്തിന്റെ ചില ഭാഗങ്ങൾ റീയൂണിയൻ ഐലൻഡ്, ടാൻസാനിയ, മൗറീഷ്യസ്, മഡഗാസ്കർ, മൊസാംബിക്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലും ഇന്ത്യൻ മഹാസമുദ്രതീരത്തും അടിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. എന്നാൽ, വിമാനത്തിന്റെ ബ്ലാക് ബോക്സ് അടക്കമുള്ള നിർണായകമായ ഒരു ഭാഗവും ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.

