Site icon Janayugom Online

ബിജെപിയുടെ പതനത്തിന് ആക്കംകൂട്ടുമോ ഉത്തരാഖണ്ഡ്

BJP

രണവിരുദ്ധ വികാരം ആളിക്കത്തുന്ന സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. 70 അംഗ നിയമസഭയില്‍ 57 സീറ്റിന്റെ പിന്‍ബലമുള്ള ബിജെപി, ഭരണത്തുടര്‍ച്ചയ്ക്കായി പഠിച്ചപണി പതിനെട്ടും പയറ്റുകയാണ്. മൂന്ന് മുഖ്യമന്ത്രിമാരെയാണ് ഇവിടെ മാറ്റി പരീക്ഷിച്ചത്. ഫെബ്രുവരി 14നാണ് ഉത്തരാഖണ്ഡില്‍ നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. തീയതി പ്രഖ്യാപിക്കും മുമ്പേ സ്ഥാനാര്‍ത്ഥിത്വത്തെയും മുഖ്യമന്ത്രി പദവിയെയും ചൊല്ലി ബിജെപിയില്‍ കലാപം രൂക്ഷമാണ്. ദേശീയ നേതൃത്വം ഒന്നടങ്കം ഇടപെട്ടിട്ടും തടഞ്ഞുനിര്‍ത്താനാവാത്ത പ്രതിസന്ധികളാണ് ഉത്തരാഖണ്ഡിലെ ബിജെപിയില്‍ നിലനില്‍ക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ സംസ്ഥാനങ്ങളില്‍ ഒന്നാണ് ഉത്തരാഖണ്ഡ്. ഉത്തര്‍പ്രദേശിനെ വിഭജിച്ചാണ് 2000 നവംബര്‍ ഒമ്പതിന് ഉത്തരാഖണ്ഡ് രൂപീകരിച്ചത്. 21 വയസിനിടെ 10 മുഖ്യമന്ത്രിമാര്‍ ഭരിച്ച സംസ്ഥാനത്ത് കോണ്‍ഗ്രസും ബിജെപിയും മാറിമാറിയാണ് വിജയിച്ചുപോരുന്നത്. കോണ്‍ഗ്രസ് നേതാവ് എന്‍ ഡി തിവാരി മാത്രമേ അഞ്ച് വര്‍ഷം തികച്ചും മുഖ്യമന്ത്രിക്കസേരയില്‍ ഇരുന്നിട്ടുള്ളൂ.

ലോക്‌സഭയിലേക്ക് ഈയിടെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനോട് ദയനീയമായി പരാജയപ്പെടേണ്ടിവന്നത് ചെറുതായൊന്നുമല്ല ബിജെപിയെ ആശങ്കയിലാക്കിയത്. അടിസ്ഥാന വികസനവും ജനക്ഷേമവും ബിജെപി സര്‍ക്കാരില്‍നിന്ന് ഉണ്ടായില്ലെന്നതു തന്നെയാണ് കാതലായ വിഷയം. കേന്ദ്രവും സംസ്ഥാനവും ഇരട്ട എന്‍ജിന്‍ പോലെ ഭരണം നിര്‍വഹിക്കും എന്നായിരുന്നു 2017ല്‍ ഉത്തരാഖണ്ഡിലെ ബിജെപി അവകാശപ്പെട്ടത്. അഞ്ച് വര്‍ഷം പൂര്‍ത്തിയാകുമ്പോഴും ഇരട്ട എന്‍ജിനില്‍ നിന്ന് ജനങ്ങള്‍ക്കും നാടിനും ഊര്‍ജമാകുന്നതൊന്നും ഉണ്ടായില്ല.

 


ഇതുകൂടി വായിക്കൂ: മണിപ്പവറില്‍ അധികാരം പിടിച്ച ബിജെപിയുടെ മണിപ്പുര്‍ ഭാവി പ്രവചനം അസാധ്യം


 

മറ്റിടങ്ങളില്‍ നിന്ന് വിപരീതമായി കോണ്‍ഗ്രസിലേക്കാണ് ഇവിടെ ആളൊഴുക്ക്. കാബിനറ്റ് മന്ത്രിയുള്‍പ്പെടെ ഒട്ടനവധി ബിജെപി നേതാക്കളും എംഎല്‍എമാരും പാര്‍ട്ടിവിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. നാല് എംഎല്‍എമാരാണ് ബിജെപിയില്‍ നിന്ന് മറുകണ്ടം ചാടിയത്. ദളിത് നേതാവും മന്ത്രിയുമായ യശ്‌പാല്‍ ആര്യയെയും എംഎല്‍എ ആയ അദ്ദേഹത്തിന്റെ മകനെയും നഷ്ടമായത് ബിജെപിക്ക് വലിയ ക്ഷീണമാണ് ഉണ്ടാക്കിയത്. നിലവില്‍ ബിജെപിയുടെ 53 എംഎല്‍എമാരില്‍ 14 പേര്‍ നേരത്തെ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചെത്തിയവരാണെന്നത് മറ്റൊരു വിരോധാഭാസം. ഇവരെല്ലാം അധികാരത്തിനായി കോണ്‍ഗ്രസ് വിട്ടവരാണ്. ബിജെപിയുടെ ഇപ്പോഴത്തെ അവസ്ഥയില്‍ കൊഴിഞ്ഞുപോക്ക് തുടര്‍ന്നേക്കാം.

2017ല്‍ ത്രിവേന്ദ്രസിങ് റാവത്തിനെ മുഖ്യമന്ത്രിയാക്കിയാണ് ബിജെപി അധികാരമേറ്റത്. മുഖ്യമന്ത്രിസ്ഥാനത്തേക്ക് നോട്ടമിട്ടവര്‍ അന്നേ അടി തുടങ്ങിയിരുന്നു. ഗത്യന്തരമില്ലാത്ത അവസ്ഥയില്‍ ത്രിവേന്ദ്രസിങ്ങിനെ മാറ്റി പുതിയൊരാള്‍ക്ക് പദവി കൈമാറേണ്ടിവന്നു. തീരഥ് സിങ് റാവത്തിനെയാണ് പിന്നീട് മുഖ്യമന്ത്രിയാക്കിയത്. എന്നാല്‍ നാല് മാസം പൂര്‍ത്തിയാവും മുമ്പ് തീരഥിനെയും ഒഴിവാക്കി. പകരം പുഷ്കര്‍ സിങ് ധാമിയെ കൊണ്ടുവന്നു. എന്നിട്ടും പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടില്ല. പാര്‍‍ട്ടി നേതൃസ്ഥാനത്തിനുവേണ്ടിയും സംസ്ഥാനത്ത് പിടിവലി കൂടിവരികയാണ്.

സംഘപരിവാര്‍-ആര്‍എസ്എസ് വര്‍ഗീയ അജണ്ടയുമായി തീവ്രഹിന്ദുത്വവാദികള്‍ സംസ്ഥാനത്ത് സജീവമാണ്. മുസ്‌ലിം വിരുദ്ധ കലാപ‑പ്രചാരണ പരിപാടികള്‍ വ്യാപകമാകുന്നത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കുന്നുണ്ട്. ന്യൂനപക്ഷങ്ങളുടെ പിന്തുണ ഉറപ്പാക്കുന്നതിന് കോണ്‍ഗ്രസും ഇതിനിടെ ശ്രമം തുടരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഭരണപ്രതീക്ഷ വച്ചുപുലര്‍ത്തുന്ന ഒന്നാണ് ഉത്തരാഖണ്ഡ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ പാര്‍ട്ടിയില്‍ ആഭ്യന്തരപ്രശ്നങ്ങള്‍ ഇല്ലാതിരിക്കാനുള്ള തയാറെടുപ്പുകളാണ് കോണ്‍ഗ്രസ് ഇപ്പോള്‍ നടത്തുന്നത്. നിലവില്‍ പ്രദേശ് കോണ്‍ഗ്രസില്‍ സ്ഥിതി ശാന്തമാണ്. ബിജെപിയില്‍ നിന്നും ആം ആദ്മിയില്‍ നിന്നുമെല്ലാം ആളെക്കൂട്ടുന്നതിനുള്ള കൂട്ടായ പരിശ്രമങ്ങളാണ് ഇപ്പോള്‍ കോണ്‍ഗ്രസില്‍ കാണുന്നത്.

 


ഇതുകൂടി വായിക്കൂ: ഭിന്നിപ്പിച്ചുഭരിക്കല്‍ എന്ന വിനാശകരമായ തീക്കളി


 

2017ല്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ട മുഖ്യമന്ത്രിയും ഹരീഷ് റാവത്തായിരുന്നു. രണ്ട് നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് അന്ന് അദ്ദേഹം ജനവിധി തേടിയത­്. ര­ണ്ടി­ടത്തും കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടിവന്ന റാവത്തിന് പാര്‍ട്ടിയിലും തിരിച്ചടികളുണ്ടായി. മത്സരിച്ച രണ്ടിടത്തും കോണ്‍ഗ്രസില്‍ നിന്നുതന്നെ കാലുവാരലുണ്ടായെന്നാണ് അന്നേ ഹരീഷ് റാവത്തും അനുയായികളും ആരോപിച്ചത്. ഉദ്ദംസിങ് ജില്ലയിലെ കിച്ച മണ്ഡലത്തിലും ഹരിദ്വാര്‍ ജില്ലയിലെ റൂറല്‍ മണ്ഡലത്തിലുമായിരുന്നു റാവത്ത് മത്സരിച്ചത്. രണ്ട് ജില്ലകളിലും പാര്‍ട്ടിയുടെയും തന്റെയും സ്വാധീനം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യംകൂടി ഹരീഷിനുണ്ടായിരുന്നു. ആഭ്യന്തര കലാപവും ഭരണവിരുദ്ധവികാരവും വിനയായി. റൂറലില്‍ 12,000 വോട്ടുകള്‍ക്കാണ് റാവത്ത് തോറ്റത്. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ഹരീഷ് റാവത്താണ് തെരഞ്ഞെടുപ്പ് സമിതിയുടെ അധ്യക്ഷന്‍. മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥി എന്ന നിലയില്‍‍ തന്നെ പരിഗണിക്കണം എന്ന ആവശ്യം ഹരീഷ് റാവത്ത് ഹൈക്കമാന്‍ഡിനുമുന്നില്‍ അവതരിപ്പിച്ചത് ഉത്തരാഖണ്ഡ് കോണ്‍ഗ്രസില്‍ ചെറിയ ഇളക്കം ഉണ്ടാക്കിയിട്ടുണ്ട്. അത് പരസ്യയുദ്ധമായി മാറാതിരിക്കാന്‍ അതീവ ശ്രദ്ധയോടെയാണ് കേന്ദ്രനേതൃത്വം കൈകാര്യം ചെയ്യുന്നത്. ചുമതലക്കാരനെന്ന നിലയില്‍ എഐസിസി ജനറല്‍ സെ­ക്രട്ടറി ദേ­വേന്ദ്രര്‍ യാദവ് ന­ടത്തുന്ന ഇടപെടലുകളില്‍ ഹരീഷ് റാവത്ത് നടത്തിയ ചില എതിര്‍പ്പുകളെ വേഗത്തില്‍ ഇല്ലാതാക്കാന്‍ കോ­ണ്‍ഗ്രസ് നേതൃത്വത്തിനായി എന്നതും ശ്രദ്ധേയമാണ്.

അജയ് ഗൊദിയാലിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയാണ് ആം ആദ്മി പാര്‍ട്ടി ഉത്തരാഖണ്ഡില്‍ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയിരിക്കുന്നത്. 24 മണ്ഡലങ്ങളില്‍ അവര്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. 70 സീറ്റിലും മത്സരിക്കാനാണ് ആം ആദ്മി പാര്‍ട്ടി തീരുമാനം. നേരത്തെ പ്രചാരത്തിലുണ്ടായിരുന്നത് ആം ആദ്മി സംസ്ഥാന പ്രസിഡന്റ് ആനന്ദ് റാം ചൗഹാന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആവുമെന്നായിരുന്നു. അജയ് ഗൊദിയാലിന് പരിഗണന ലഭിക്കുമെന്നുറപ്പായതോടെ ആനന്ദ് റാമിനെ കോണ്‍ഗ്രസ് വലവീശി പിടിക്കുകയായിരുന്നു. നിരവധി പ്രവര്‍ത്തകര്‍ക്കൊപ്പമാണ് ആനന്ദ് റാം കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

ബിജെപിയുടെ പതനത്തിന് ആക്കംകൂട്ടുന്ന തെ­രഞ്ഞെടുപ്പാകും ഉത്തരാഖണ്ഡിലേതെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. കോണ്‍ഗ്രസ് വോട്ടുകളില്‍ വിള്ളലുണ്ടാക്കാന്‍ ആം ആദ്മിക്കാവുമോ എന്നതിലാണ് ബിജെപി പ്രതീക്ഷയര്‍പ്പിക്കുന്നതും.

Exit mobile version