Site iconSite icon Janayugom Online

മതനിരപേക്ഷത സംരക്ഷിക്കാൻ എൽഡിഎഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക: ടി പി രാമകൃഷ്ണൻ

ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു.ദേശീയ തലത്തിൽ മതനിരപേക്ഷത സംരക്ഷിക്കുന്നതിനും, ജനപക്ഷ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്നതിനും ഇടതുപക്ഷത്തിന്റെ അംഗസംഖ്യ പാർലമെന്റിൽ വർധിപ്പിക്കേണ്ടതുണ്ട്.സംഘ്പരിവാറിന്റെ രാഷ്ട്രീയത്തിനെതിരെ നിലപാട് സ്വീകരിക്കുന്നതിന് പകരം ഇടതുപക്ഷത്തെ തകർക്കാനുള്ള ഇടപെടലാണ് യുഡിഎഫിന്റെ ഭാഗത്ത് നിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്.

തെറ്റായ ഈ രാഷ്ട്രീയ നിലപാടിനെതിരായുള്ള വിധിയെഴുത്തായി വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഫലം മാറേണ്ടതുണ്ട്. കേരളത്തിന്റെ അവകാശങ്ങൾ നേടിയെടുക്കുന്നതിന് എൽഡിഎഫിന്റെ വിജയം ആവശ്യമാണ്.ചേലക്കര നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് കേരളത്തിലെ യുഡിഎഫ് — ബിജെപി കൂട്ടുകെട്ടിനെതിരായുള്ള ജനവിധിയാക്കി മാറ്റേണ്ടതുണ്ട്. മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിച്ചും, ബദൽ നയങ്ങൾ മുന്നോട്ടുവച്ചുകൊണ്ടും പ്രവർത്തിക്കുന്ന എൽഡിഎഫ് സർക്കാരിനെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ജനവിധിയായി ഇത് മാറേണ്ടതുണ്ട്. 

ചേലക്കരയിൽ തുടർന്നുവരുന്ന വികസന പ്രവർത്തനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ടുപോകുന്നതിന് എൽഡിഎഫിന്റെ വിജയം അനിവാര്യമാണ്. ആ ദിശയിലേക്ക് തന്നെയാണ് ജനങ്ങൾ ചിന്തിക്കുന്നതെന്നും വ്യക്തമാണെന്ന് ടി പി രാമകൃഷ്ണൻ പറഞ്ഞു.

Exit mobile version