Site iconSite icon Janayugom Online

രാഷ്ട്രപതി തെരഞ്ഞെടുപ്പ് വിജയം ബിജെപിക്ക് എളുപ്പമാകില്ല

തെരഞ്ഞെടുപ്പ് നടന്ന നാലു സംസ്ഥാനങ്ങളില്‍ അധികാരം നിലനിര്‍ത്തിയെങ്കിലും ജൂലൈയില്‍ നടക്കാനിരിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പ് വിജയം ബിജെപിക്ക് എളുപ്പമാകില്ലെന്ന് നിരീക്ഷകര്‍.
യുപിയില്‍ ലോക്‌സഭാംഗങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടായില്ലെങ്കിലും ഇലക്ടറല്‍ കോളജിന്റെ ഭാഗമായ നിയമസഭാംഗങ്ങളുടെ എണ്ണത്തിലുണ്ടായ കുറവും സഖ്യകക്ഷികളുടെ മോശം പ്രകടനവും വിധിയെ ബാധിക്കും. കൂടാതെ 2017ല്‍ കൂടെയുണ്ടായിരുന്ന ചില സഖ്യകക്ഷികളും ബിജെപിയെ വിട്ടുപോയിട്ടുണ്ട്.
രാംനാഥ് കോവിന്ദിന്റെ വിജയത്തെ സഹായിച്ചിരുന്ന ചില പ്രാദേശിക കക്ഷികള്‍ ഇത്തവണ അത് ചെയ്യണമെന്നില്ല. അതിന് പുറമേ തമിഴ്‌നാട്ടിലും ഝാര്‍ഖണ്ഡിലുമുണ്ടായ മാറ്റവും ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ അംഗബലത്തിലുണ്ടായ വര്‍ധനയും ബിജെപിക്ക് എതിരാകുന്ന ഘടകങ്ങളാണ്.
2017ല്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിലാണ് ബിജെപി പിന്തുണച്ച രാംനാഥ് കോവിന്ദ് പ്രതിപക്ഷ സ്ഥാനാര്‍ത്ഥി മീരാ കുമാറിനെ തോല്പിക്കുന്നത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി 5.27 ലക്ഷം മൂല്യമുള്ള വോട്ടുകളാണ് നേടിയത്. ഇതിന് പുറമേ കെ ചന്ദ്രശേഖര്‍ റാവുവിന്റെ തെലങ്കാന രാഷ്ട്ര സമിതി, നവീന്‍ പട്നായിക്കിന്റെ ബിജു ജനതാദള്‍ എന്നിവയും ബിജെപിയെ സഹായിച്ചിരുന്നു. അവരുടെ 1.33 ലക്ഷം വോട്ടുകളും കോവിന്ദിന് ലഭിച്ചു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇരുകക്ഷികളും ബിജെപിയെ സഹായിക്കില്ല. പഞ്ചാബില്‍ നിന്ന് ലഭിച്ച 13,572 വോട്ട് മൂല്യമുള്ള ശിരോമണി അകാലിദള്‍ (ബാദല്‍) വിഭാഗം കാര്‍ഷിക നിയമത്തിന്റെ പേരില്‍ എന്‍ഡിഎ വിട്ടുപോയി.
മഹാരാഷ്ട്രയില്‍ നിന്ന് 50,400 വോട്ട് നല്കിയ ശിവസേനയും ഇപ്പോള്‍ ബിജെപി സഖ്യകക്ഷിയല്ല. പഞ്ചാബില്‍ കോണ്‍ഗ്രസ് തകര്‍ന്നുവെങ്കിലും പകരം വന്നത് ആം ആദ്മി പാര്‍ട്ടിയാണ്. മറ്റ് ചില സംസ്ഥാനങ്ങളിലും ഇവരുണ്ടാക്കിയ നേട്ടം ബിജെപിക്കാണ് പ്രതികൂലമാകുക. അതേസമയം രാഷ്ട്രപതി തെരഞ്ഞെടുപ്പിന് പിന്നാലെ നടക്കുന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ലോക്‌സഭ‑രാജ്യസഭ അംഗങ്ങള്‍ മാത്രമാണ് വോട്ടെടുപ്പില്‍ പങ്കെടുക്കുക എന്നതിനാല്‍ ജയിക്കുക ബിജെപിക്ക് എളുപ്പമായിരിക്കും.

Engish sum­ma­ry; Win­ning the pres­i­den­tial elec­tion will not be easy for the BJP

You may also like this video;

Exit mobile version