Site iconSite icon Janayugom Online

ശൈത്യകാല സമ്മേളനത്തിന് തുടക്കം ;എസ്ഐആറില്‍ ഇരുസഭകളും സ്തംഭിച്ചു

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന്റെ ആദ്യ ദിനം സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം. പ്രതിപക്ഷ പ്രതിഷേധത്തില്‍ ഇരു സഭകളും ഇന്നലെ സ്തംഭിച്ചു. രാവിലെ, അന്തരിച്ച മുന്‍ അംഗങ്ങള്‍ക്ക് ആദരം അര്‍പ്പിച്ച് സ്പീക്കര്‍ ഓം ബിര്‍ള നടത്തിയ പ്രസ്താവനയ്ക്കൊടുവില്‍ മൗനമാചരിച്ച ലോക്‌സഭ ബഹളത്തില്‍ മുങ്ങി. ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് അഭിനന്ദനം നേരാനുണ്ടെന്ന സ്പീക്കറുടെ അഭ്യര്‍ത്ഥന മാനിച്ച് പ്രതിപക്ഷം പിന്‍വാങ്ങി. തുടര്‍ന്ന് നടുത്തളത്തില്‍ ഇറങ്ങി സര്‍ക്കാരിനെതിരെ പ്രതിരോധം തീര്‍ത്തതോടെ ആദ്യം 12 വരെയും പിന്നീട് രണ്ടു വരെയും സഭ നിര്‍ത്തിവച്ചു.
ഉച്ചതിരിഞ്ഞ് രണ്ടിന് ചേര്‍ന്ന സഭയില്‍ എസ്ഐആര്‍, ഡല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട രാജ്യ സുരക്ഷ, അന്തരീക്ഷ മലിനീകരണം, വിദേശ നയം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തി പ്രതിപക്ഷം നല്‍കിയ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് ശക്തമായി. പ്രതിഷേധങ്ങള്‍ക്കിടയിലും മണിപ്പൂര്‍ ജിഎസ്ടി (ഭേദഗതി 2) ബില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച് ശബ്ദവോട്ടോടെ പാസാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു.
രാജ്യസഭയില്‍ പുതിയ ചെയര്‍മാന്‍ സി പി രാധാകൃഷ്ണനുള്ള അഭിനന്ദന ചര്‍ച്ചകളാണ് പുരോഗമിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉള്‍പ്പെടെ പങ്കാളികളായി. ചര്‍ച്ചയ്ക്കിടയില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം തിരിയുമ്പോള്‍ തുടര്‍ ചര്‍ച്ചകളില്‍ പ്രതിപക്ഷത്തെ വേട്ടയാടാന്‍ ട്രഷറി ബെഞ്ചുകളും മറന്നില്ല. ചര്‍ച്ചകള്‍ക്ക് ശേഷം എസ്ഐആര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ അനുമതി നിഷേധിച്ച ചെയര്‍മാന്റെ നിലപാടിനെതിരെ പ്രതിപക്ഷം വാക്കൗട്ട് നടത്തി. ഇതിനു ശേഷം സഭ ഇന്നത്തേക്ക് പിരിഞ്ഞു.
മുന്‍ രാജ്യസഭാ ചെയര്‍മാന്‍ ജഗ്‌ദീപ് ധന്‍ഖറുടെ പെട്ടന്നുള്ള രാജിയും അദ്ദേഹത്തിന് ഉചിതമായ യാത്രയയപ്പ് നല്‍കാന്‍ കഴിയാതെ പോയ സാഹചര്യവും പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പരാമര്‍ശിച്ചതോടെ ഭരണ — പ്രതിപക്ഷങ്ങള്‍ തമ്മില്‍ കൊമ്പു കോര്‍ക്കലിനും രാജ്യസഭ സാക്ഷിയായി. ഖാര്‍ഗെയുടെ പരാമര്‍ശത്തിനെതിരെ മന്ത്രി കിരണ്‍ റിജിജു രംഗത്തെത്തി. പ്രതിപക്ഷം ധന്‍ഖറിനെതിരെ നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസാണ് റിജിജു ആയുധമാക്കിയത്.
നിലവിലെ തീരുമാന പ്രകാരം ഡിസംബര്‍ 19 ന് അവസാനിക്കുന്ന ശൈത്യകാല സമ്മേളനത്തില്‍ 15 ദിവസമാകും സഭ സമ്മേളിക്കുക. നടപ്പു സമ്മേളനത്തില്‍ ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ ബില്‍, ആറ്റോമിക് എനര്‍ജി ബില്‍, ദേശസുരക്ഷയ്ക്കും ആരോഗ്യ മേഖലയ്ക്കുമായി സെസ്സ് ഏര്‍പ്പെടുത്താന്‍ ലക്ഷ്യമിടുന്ന ബില്‍ ഉള്‍പ്പെടെ 14 സുപ്രധാന ബില്ലുകളാകും സഭയുടെ പരിഗണനയ്ക്ക് എത്തുക. അടുത്തകാലത്തെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ സമ്മേളനമാണ് ഇക്കുറി നടക്കുന്നത്. 

Exit mobile version