യുഎസിന്റെ വടക്കുകിഴക്കൻ മേഖലയിൽ ശൈത്യകാല കൊടുങ്കാറ്റെന്ന് റിപ്പോർട്ട്. വെള്ളിയാഴ്ച പുലർച്ചെ വീശിയടിച്ച കാറ്റ് അവധിക്കാല വാരാന്ത്യ വിമാന ഗതാഗതത്തെ തടസ്സപ്പെടുത്തി. ന്യൂയോർക്കിലും ന്യൂജേഴ്‌സിയിലും ഉദ്യോഗസ്ഥർ കാലാവസ്ഥാ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച മാത്രം അമേരിക്കകത്തും പുറത്തുമുള്ള 1,600ലധികം വാണിജ്യ വിമാന സർവിസുകൾ റദ്ദാക്കി. പ്രതികൂല കാലാവസ്ഥ മൂലം 7,800ലധികം വിമാന സർവിസുകൾ വൈകിയതായി ഫ്ലൈറ്റ് ട്രാക്കിംഗ് സർവിസ് ഫ്ലൈറ്റ് അവെയർ അറിയിച്ചു.
നാഷനൽ വെതർ സർവിസ് ന്യൂയോർക്ക് സംസ്ഥാനത്തും കണക്റ്റിക്കട്ടിലുമുടനീളം ഐസ്-ശീത കൊടുങ്കാറ്റ് മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. പല നഗരങ്ങളും മഞ്ഞിനടിയിലാണ്. പലയിടങ്ങളിലും ഒരു അടി വരെ മഞ്ഞുവീഴ്ച ഉണ്ടായേക്കുമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കാനും മുന്നറിയിപ്പുണ്ട്. 2022ന് ശേഷമുള്ള ഏറ്റവും ഉയർന്ന മഞ്ഞുവീഴ്ചയാണ് ന്യൂയോർക്ക് നഗരത്തിലേത്. റോഡിലെ അപകടകരമായ സാഹചര്യങ്ങളെക്കുറിച്ച് ഗവർണർ മുന്നറിയിപ്പ് നൽകി. ചില പ്രദേശങ്ങളിൽ മഞ്ഞുവീഴ്ചക്കൊപ്പം മഴയും പ്രവചിച്ചിട്ടുണ്ട്.

