Site iconSite icon Janayugom Online

‘വിഫ’; നിരവധി മരണം, ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചു

ഉഷ്ണമേഖലാ കൊടുങ്കാറ്റായി തരംതാഴ്ത്തപ്പെട്ട വിഫ ചുഴലിക്കാറ്റ് ചൈന, കൊറിയ വിയറ്റ്നാം, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ ദുരിതം വിതയ്ച്ചത്. തെക്കൻ കൊറിയയിലും ഫിലിപ്പീൻസിലുമായി നിലവിൽ 22 മരണം റിപ്പോര്‍ട്ട് ചെയ്തു. ഹോങ്കോങ്ങിൽ കനത്ത വെള്ളപ്പൊക്കവും മണ്ണിടിച്ചിലും അനുഭവപ്പെട്ടു. യാങ്ജ്യാങ്, ഹാൻജ്യാങ്, മവോമിങ് എന്നീ നഗരങ്ങൾ മഴയിൽ മുങ്ങി. 6.5 ലക്ഷത്തിലധികം പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

തിങ്കളാഴ്ചയാണ് കൊടുങ്കാറ്റ് ഒരു ചുഴലിക്കാറ്റായി മാറിയത്. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് (03:00 GMT) കരയിലേക്ക് എത്തിയ ഈ കൊടുങ്കാറ്റിന്റെ പരമാവധി വേഗത മണിക്കൂറിൽ 102 കിലോമീറ്റർ (63 മൈൽ) ആണെന്ന് പ്രാദേശിക കാലാവസ്ഥാ ഉദ്യോഗസ്ഥർ പറഞ്ഞു. കരയിലെത്തിയ ശേഷം അത് തെക്ക് പടിഞ്ഞാറോട്ട് നീങ്ങാൻ തുടങ്ങിയത്.

ഹോങ്കോങ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും, ഷെൻജെൻ, ജുഹായി, മകാവു വിമാനത്താവളങ്ങളിൽ നിന്നും 400ലധികം സർവീസുകൾ റദ്ദാക്കിയതിനെ തുടർന്ന് നിരവധി യാത്രക്കാരും കുടുങ്ങി. ദുരിത മേഖലകളിൽ നിന്നും 250 ലധികം കുടുംബങ്ങളെ ഹോങ്കോങ്ങിലെ വിവിധ സ്ഥലങ്ങളിൽ മാറ്റിപാർപ്പിച്ചിട്ടുണ്ട്. അതേസമയം, ഫിലിപ്പീൻസിൽ 8 ലക്ഷത്തിലധികം പേരാണ് കൊടുങ്കാറ്റിൽ ദുരിതമനുഭവിക്കുന്നത്. കാറ്റിലും മഴയിലും 300ലധികം സ്ഥലങ്ങൾ വെള്ളത്തിലായി, 1200ലധികം വീടുകൾ തകർന്നു. വിഫ മൂലമുണ്ടാകുന്ന മഴ ഉൾനാടുകളിലേക്ക് നീങ്ങുന്നതിനാൽ വിയറ്റ്നാം വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Exit mobile version