Site iconSite icon Janayugom Online

ആൺകുട്ടിക്കായി ആഗ്രഹിച്ചു, ജനിച്ചത് പെൺകുട്ടി; മകളെ ഭർത്താവ് കൊലപ്പെടുത്തിയതെന്ന് അമ്മ; സൈനികൻ അറസ്റ്റിൽ

ഒരു വയസുള്ള മകളെ കൊലപ്പെടുത്തിയെന്ന ആരോപണത്തിൽ ജവാനായ അച്ഛനെ അറസ്റ്റ് ചെയ്‌തു. ത്രിപുരയിലെ കോവൈ ജില്ലയിലാണ് സംഭവം. ത്രിപുര സ്റ്റേറ്റ് റൈഫിൾസ് പത്താം ബറ്റാലിയൻ്റെ ഭാഗമായി പ്രവർത്തിക്കുന്ന രതീന്ദ്ര ദേബ്‌ബർമയാണ് അറസ്റ്റിലായത്. തുടർച്ചയായി ഛർദിച്ച് അവശനിലയിലായ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നാലെ ഭാര്യയായ മിതാലിയാണ് മകളെ ഭർത്താവ് കൊലപ്പെടുത്തിയതാണെന്ന പരാതിയുമായി വന്നത്. പ്രതിയായ രതീന്ദ്രയെ കോടതി മൂന്ന് ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു. ആൺകുട്ടി ജനിക്കാത്തതിലുള്ള വിരോധമാണ് രണ്ട് പെൺമക്കളിൽ ഇളയവളായ സുഹാനി ദേബ്‌ബർമ്മയെ കൊലപ്പെടുത്താൻ കാരണമെന്നാണ് മിതാലി പൊലീസിനോട് പറഞ്ഞത്.

ആദ്യം ആരോഗ്യനില വഷളായ നിലയിൽ കോവൈ ജില്ലാ ആശുപത്രിയിലെത്തിച്ച കുട്ടിയെ പിന്നീട് നില അതീവ ഗുരുതരമായതോടെ അഗർത്തലയിലെ ജിബി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തും മുൻപ് തന്നെ കുട്ടി മരിച്ചിരുന്നു. കുഞ്ഞിൻ്റെ അമ്മ മിതാലിയുടെ മൊഴിയിലാണ് സൈനികനായ പിതാവ് അറസ്റ്റിലായത്. ബിസ്‌കറ്റ് വാങ്ങി നൽകാമെന്ന് പറഞ്ഞ് ഭർത്താവ് കുഞ്ഞിനെ കൊണ്ട് വിഷം കുടിപ്പിച്ചുവെന്നാണ് മൊഴി. ഭർത്താവിന് ആൺകുട്ടിയെ വേണമെന്നായിരുന്നു ആഗ്രഹമെന്നും രണ്ടാമതും പെൺകുട്ടി ജനിച്ചതിൽ ഇദ്ദേഹം തന്നോട് നിരന്തരം അപമര്യാദയായി പെരുമാറിയെന്നും ഇവർ മൊഴി നൽകി.

Exit mobile version