സൗദി അറേബ്യയിലെ ഇന്ത്യൻ പ്രവാസികൾക്ക് പാസ്സ്‌പോർട്ട് പുതുക്കാനായി ഇക്കാമ കാലാവധി നിർബന്ധിതമാക്കിയ ഇന്ത്യൻ എംബസ്സി നിർദ്ദേശം പിൻവലിയ്ക്കണമെന്ന് നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു. സൗദി നിയമപ്രകാരം ഒരു പ്രവാസിയ്ക്കു ഇക്കാമ എടുത്തു കൊടുക്കുന്നതും, അത് സമയാസമയം പുതുക്കുന്നതും അയാളുടെ സ്‌പോൺസറുടെ ഉത്തരവാദിത്വമാണ്. സാധാരണ പ്രവാസി ജോലി ചെയ്യുന്ന കമ്പനി തന്നെയാണ് ഇക്കാമയും പുതുക്കുന്നത്. നിലവിൽ പല കമ്പനികളും കൊറോണ, സ്വദേശിവൽക്കരണ പ്രതിസന്ധികളും, സാമ്പത്തിക ബുദ്ധിമുട്ടുകളും നേരിടുന്നതിനാൽ, ജീവനക്കാരുടെ ഇക്കാമ സമയത്തു പുതുക്കാൻ കഴിയാതെ പോകുന്നുണ്ട്. ഇതിന്റെ ദുരിതം ഒരുപാടു പ്രവാസികൾ നേരിടുന്നുണ്ട്.
ഇന്ത്യൻ പാസ്സ്‌പോർട്ട് ഓരോ ഇന്ത്യൻ പൗരന്റെയും അവകാശമാണ്. ഇന്ത്യൻ പാസ്സ്‌പോർട്ട് പുതുക്കുന്ന നടപടികളിൽ ഒരു തരത്തിലും സൗദി സർക്കാരോ, അധികാരികളോ ഇടപെടുന്നില്ല. പൂർണ്ണമായും ഇന്ത്യൻ എംബസിയും, വിദേശകാര്യ മന്ത്രാലയവും മാത്രം നിയന്ത്രിയ്ക്കുന്ന നടപടിക്രമങ്ങൾ മാത്രമാണ് അതിലുള്ളത്. പിന്നെ എന്തിന്റെ പേരിലായാലും, ഇന്ത്യൻ പാസ്സ്‌പോർട്ട് പുതുക്കുന്നതിന് കാലാവധി കഴിയാത്ത സൗദി ഇക്കാമ നിർബന്ധിതമാക്കുന്നതിന് യാതൊരു യുക്തിയും ഇല്ല.
സ്വന്തമായി ഇക്കാമ പുതുക്കാൻ പ്രവാസിയ്ക്ക് നിയമപ്രകാരം സാധിയ്ക്കില്ല എന്നതിനാൽ തന്നെ, ഇക്കാമയുടെ കാലാവധി തീർന്നു പോകുന്നതിന് പ്രവാസിയെ സ്വന്തം പാസ്സ്‌പോർട്ട് പുതുക്കാൻ പോലും അനുവദിയ്ക്കാതെ ശിക്ഷിയ്ക്കുന്നത് അനീതിയാണ്. ഈ തല തിരിഞ്ഞ നിർദ്ദേശം കാരണം, ഒട്ടേറെ ഇന്ത്യൻ പ്രവാസികൾ ഇക്കാമ തീർന്നതിനാൽ പാസ്സ്‌പോർട്ട് പുതുക്കാനാകാതെ കഷ്ടപ്പെടുന്നുണ്ട്. ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട്, നവയുഗം കേന്ദ്രനേതൃത്വം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും, സൗദിയിലെ ഇന്ത്യൻ അംബാസ്സിഡർക്കും നിവേദനം നൽകി.
ENGLISH SUMMARY:Withdraw the ban on renewal of passports of expatriate Indians in Saudi Arabia: Navayugam
You may also like this video