Site iconSite icon Janayugom Online

ജിഗ്‍നേഷ് മേവാനിയുടെ അറസ്റ്റ് പ്രോട്ടോക്കോൾ പാലിക്കാതെ

jignesh mewanijignesh mewani

ഗുജറാത്തിലെ വഡ്ഗാം എംഎൽഎ ജിഗ്‍നേഷ് മേവാനിയെ അസം പൊലീസ് അറസ്റ്റ് ചെയ്ത രീതിക്കെതിരെ വ്യാപക പ്രതിഷേധം. സിറ്റിങ് എംഎൽഎയെ അറസ്റ്റ് ചെയ്തത് ചട്ടങ്ങൾ പാലിക്കാതെയെന്ന പരാതിയുമായി നിരവധി പേർ രംഗത്തുവന്നു.
അതേസമയം മേവാനിയുടെ ജാമ്യാപേക്ഷ അസം കോടതി തള്ളി. കൊക്രജാർ നഗരത്തിലെ പ്രാദേശിക കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജിഗ്‍നേഷിനെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിടുകയും ചെയ്തു.
കൊക്രജാർ പൊലീസ് സൂപ്രണ്ട് സുർജിത് സിങ് പനേസറിന്റെ നിർദേശപ്രകാരം ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120(ബി), 153(ബി), 295(എ), 504,505(എ)(ബി)(സി)(2), ഐടി ആക്ടിലെ സെക്ഷൻ 66 എന്നിവ പ്രകാരമാണ് മേവാനിക്കെതിരെ എഫ്ഐആർ ഫയൽ ചെയ്തിരിക്കുന്നത്.
തെരഞ്ഞെടുക്കപ്പെട്ട എംഎൽഎയെ അറസ്റ്റ് ചെയ്യുന്നതിനുള്ള ഒരു പ്രോട്ടോക്കോളും അസം പൊലീസ് പാലിച്ചിട്ടില്ല. രാത്രി ഏറെ വൈകി സർക്യൂട്ട് ഹൗസിൽ കടന്ന അവർ മേവാനിയുടെ മൊബൈൽ പിടിച്ചെടുക്കുകയും അദ്ദേഹത്തിനെതിരെ എഫ്ഐആർ ഉണ്ടെന്നും അറസ്റ്റ് ചെയ്യാനാണ് വന്നതെന്നും പറയുകയുമായിരുന്നുവെന്ന് ആർഡിഎം അംഗവും അഭിഭാഷകനുമായ സുബോധ് പർമർ പറഞ്ഞു.
എഫ്ഐആറിന്റെ പകർപ്പ് തനിക്ക് നൽകിയിട്ടില്ലെന്ന് മേവാനിയും ട്വീറ്റില്‍ പറയുന്നു. എന്ത് വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ് ചെയ്യുന്നതെന്ന് തനിക്കറിയില്ല. തന്റെ കുടുംബത്തെ വിളിക്കാനും അറിയിക്കാനും അനുവദിക്കുന്നില്ലെന്ന് മുൻ മാധ്യമപ്രവർത്തകനും അഭിഭാഷകനും ദളിത് നേതാവുമായ മേവാനി ട്വീറ്റ് ചെയ്തു.
ബോഡോലാൻഡ് ടെറിട്ടോറിയൽ കൗൺസിലിലെ ലെജിസ്‌ലേറ്റീവ് അസംബ്ലി അംഗമായ അരൂപ് ഡെയുടെ പരാതിയെ തുടർന്നാണ് ദളിത് നേതാവിന്റെ അറസ്റ്റ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഗുജറാത്ത് സന്ദർശനത്തിന് മുന്നോടിയായി ഏപ്രിൽ 18 ന് മേവാനിയുടെ “ഗോഡ്സെയെ ആരാധിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി 20 മുതൽ ഗുജറാത്ത് സന്ദർശിക്കും” എന്ന ട്വീറ്റ് സംബന്ധിച്ചായിരുന്നു പരാതി.

Eng­lish Sum­ma­ry: With­out fol­low­ing the arrest pro­to­col of Jig­nesh Mewani

You may like this video also

Exit mobile version