ഷിരൂരില്‍ മണ്ണിടിഞ്ഞ് കാണാതായ അർജുനായി ഏഴാംദിനം നടത്തിയ തിരച്ചിലും വിഫലം. മണ്ണിടിഞ്ഞ ഭാഗത്ത് ഇന്നലെ നടത്തിയ തിരച്ചിലിൽ അർജുനെയും ലോറിയും കണ്ടെത്താനായില്ല.രാവിലെ മുതൽ ആരംഭിച്ച തിരച്ചിൽ വൈകിട്ടോടെ അവസാനിപ്പിച്ച് സൈന്യം ഷിരൂറിൽ നിന്ന് മടങ്ങി. ഇതോടെ കരയിലെ തിരച്ചിൽ അവസാനിപ്പിച്ചു. ഇന്നലെ റഡാർ സിഗ്നലുകൾ ലഭിച്ചയിടങ്ങളിൽ മണ്ണ് നീക്കി നടത്തിയ പരിശോധനയിൽ ലോറിയുടെ ഭാഗങ്ങൾ കണ്ടെത്താനായില്ല. ഇന്ന് ഗംഗാവലി നദിയിലേക്ക് തിരച്ചിൽ വ്യാപിക്കുമെന്ന് കാർവാർ എംഎൽഎ സതീഷ് സെയ്ൽ വ്യക്തമാക്കി. വാഹനം പുഴയിലേക്ക് ഒഴുകിപ്പോയെന്നാണ് നിഗമനമെന്നും അതിനാലാണ് തിരച്ചിൽ പുഴയിലേക്ക് വ്യാപിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എൻഡിആർഎഫിന്റെ വിദഗ്ധ സംഘം ഇന്ന് രാവിലെ സ്ഥലത്തെത്തും.
തിരച്ചിലിൽ അതൃപ്തിയുമായി അർജുന്റെ കുടുംബം രംഗത്തുവന്നു. സൈന്യം വേണ്ടവിധത്തിൽ ഇടപെട്ടില്ലെന്നും ഒരു ഉപകരണങ്ങളുമില്ലാതെ അവര്‍ എന്തിന് വന്നുവെന്നും കുടുംബം ചോദിച്ചു. പട്ടാളത്തെക്കുറിച്ച് അഭിമാനം ഉണ്ടായിരുന്നുവെങ്കിലും അത് നഷ്ടപ്പെട്ടെന്നും കുടുംബം പറഞ്ഞു. കേരളത്തിൽ നിന്നെത്തിയ രക്ഷാപ്രവർത്തകരെ കടത്തിവിടാത്തതിൽ അതൃപ്തി അറിയിച്ച കുടുംബം കർണാടക സർക്കാരിൽ വിശ്വാസമില്ലെന്നും പറഞ്ഞു. കേരളത്തിൽ നിന്ന് രക്ഷാ പ്രവർത്തനത്തിനെത്തിയവരോട് തിരിച്ചു പോകാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. രഞ്ജിത് ഇസ്രയേലിന്റെ നേതൃത്വത്തിലുള്ള സംഘത്തോടാണ് മടങ്ങിപ്പോകാൻ ആവശ്യപ്പെട്ടത്. രഞ്ജിത്തിനെ പൊലീസ് മർദിച്ചതായും പരാതി ഉയർന്നിരിന്നു. പിന്നീട് എം കെ രാഘവൻ എംപി അടക്കമുള്ളവർ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്.
മണ്ണിടിച്ചിലിൽ അർജുനെപ്പോലെ തന്നെ തമിഴ്‌നാട്ടിലെ നാമക്കല്‍ സ്വദേശി ശരവണൻ എന്ന ഡ്രൈവറെയും ഏഴ് ദിവസമായി കണ്ടെത്താനായിട്ടില്ല. ധർവാഡിലേക്ക് ലോറിയുമായി പോവുകയായിരുന്നു ശരവണൻ. ശരവണന്റെ അമ്മയും ബന്ധുക്കളും ലോറി ഉടമയും ഏഴ് ദിവസമായി ഷിരൂരിലുണ്ട്. ഇതിനിടെ അർജുനെ രക്ഷിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കർണാടക ഹൈക്കോടതിയിൽ ഹര്‍ജി നല്‍കി. അഭിഭാഷകനായ സുഭാഷ് ചന്ദ്രനാണ് കോടതിയെ സമീപിച്ചത്. നേരത്തെ സുപ്രീം കോടതിയിൽ ഹര്‍ജി സമർപ്പിച്ചിരുന്നെങ്കിലും ഇടപെടാൻ കോടതി വിസമ്മതിക്കുകയായിരുന്നു. മുതിർന്ന അഭിഭാഷകനായ ചിദംബരേഷ് ആണ് സുപ്രീം കോടതിയിൽ ഹാജരായത്. കർണാടക ഹൈക്കോടതിയെ സമീപിക്കാനായിരുന്നു സുപ്രീം കോടതി ആവശ്യപ്പെട്ടത്. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
English Summary: Without giving up hope, Arjun’s family failed on the seventh day
You may also like this video