നടിയെ ആക്രമിച്ച കേസിൽ സാക്ഷികളെ സ്വാധീനിക്കാൻ ദിലീപിന്റെ നേതൃത്വത്തിൽ ശ്രമം നടന്നതിന്റെ ഓഡിയോ സംഭാഷണം സ്വകാര്യ ചാനൽ പുറത്തുവിട്ടു. നടൻ ദിലീപിന് ജാമ്യം ലഭിച്ചതിന് ശേഷം ആലുവയിലെ വീട്ടിൽ വെച്ചുനടത്തിയ സംഭാഷണമാണ് പുറത്തുവന്നത്.
കേസിലെ പ്രോസിക്യൂഷൻ സാക്ഷിയായ സാഗറിനെ മൊഴിമാറ്റാൻ സ്വാധീനിച്ചതെങ്ങനെയെന്ന് ദിലീപിന് വിശദീകരിച്ചുകൊടുക്കുന്നതാണ് സംഭാഷണത്തിന്റെ ഉള്ളടക്കം. 2017 നവംബർ 15ന് നടത്തിയ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ്, കേസിൽ നേരത്തെ വെളിപ്പെടുത്തൽ നടത്തിയ ബാലചന്ദ്ര കുമാർ സൂചിപ്പിച്ച വിഐപി, ദിലീപിന്റെ മറ്റൊരു സുഹൃത്ത് ബൈജു എന്നിവരാണ് സംഭാഷണം നടക്കുന്ന സമയത്ത് വീട്ടിലുണ്ടായിരുന്നത്.
കേസിലെ പ്രോസിക്യൂഷൻ സാക്ഷിയും കാവ്യ മാധവന്റെ ലക്ഷ്യയിലെ മുൻ ജീവനക്കാരനുമായിരുന്ന സാഗറിനെ മൊഴിമാറ്റാൻ സ്വാധീനിച്ചതായി ഇതിൽ നിന്നും വ്യക്തമാകുന്നുണ്ട്. നടിയെ ആക്രമിച്ച സംഭവത്തിന് പിന്നാലെ പൾസർ സുനി ലക്ഷ്യയിലെത്തി ഒരു കവർ കൊടുക്കുന്നത് താൻ കണ്ടിരുന്നതായാണ് സാഗർ നേരത്തെ നൽകിയിരുന്ന മൊഴി. എന്നാൽ ഇയാൾ പിന്നീട് അത് മാറ്റുകയായിരുന്നു.
മൊഴി മാറ്റാൻ സാഗറിനുമേൽ സ്വാധീനം ചെലുത്തിയിരുന്നുവെന്ന റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിച്ചിരുന്നു. അതിനായി ആലപ്പുഴയിലെ ഹോട്ടലിലെ ബില്ല് ഉൾപ്പെടെയായിരുന്നു അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കിയത്. ഇത് ശരിവെയ്ക്കുന്ന സംഭാഷണമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ദിലീപിന്റെ സഹോദരൻ അനൂപ് സംഭാഷണത്തിൽ പറയുന്നത് ഇപ്രകാരമാണ്. സാഗറിന് ആലപ്പുഴയിലേക്ക് സ്വിഫ്റ്റ് കാറിൽ കൊണ്ടുപോയി. അവിടെ നിന്നും മനംമാറ്റിയാണ് തിരികെ കൊണ്ടുവന്നതെന്നു അനൂപ് ദിലീപിനോട് പറയുന്നുണ്ട്. തന്റെ അഭിഭാഷകനായ ഫിലിപ്പ് ടി വർഗ്ഗീസിനെ കാണാൻ സാഗർ പോയോ എന്ന ദീലീപിന്റെ ആകാംക്ഷയോട് കൂടിയ ചോദ്യത്തിന് മറുപടിയായാണ് അനൂപിന്റെ മറുപടി. സാഗർ മൊഴിമാറ്റിയ സാഹചര്യത്തിൽ പൊലീസിന് ഇനി സാഗറിനെ തൊടാൻ കഴിയില്ലെന്ന് ആയിരുന്നു അവിടെ ഉണ്ടായിരുന്ന വിഐപിയുടെ പ്രതികരണം. അതേസമയം, സാഗറിനെ സ്വാധീനിച്ചെന്ന് കണ്ടെത്തിയാൽ ദിലീപിന്റെ ജാമ്യം റദ്ദാകുമോ എന്ന ആശങ്ക സഹോദരി ഭർത്താവായ സുരാജ് പങ്കുവെയ്ക്കുന്നതും ശബ്ദ സന്ദേശത്തിൽ വ്യക്തമാണ്.
english summary; Witness’ statement was distorted in the case of attacking the actress
you may also like this video;