Site iconSite icon Janayugom Online

മധു വധക്കേസിൽ കൂറുമാറിയ സാക്ഷിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

അട്ടപ്പാടി മധുവധക്കേസിൽ കൂറുമാറിയ വനം വകുപ്പിലെ വാച്ചറെ പിരിച്ചുവിട്ടു. മണ്ണാർക്കാട് പട്ടികജാതി, പട്ടികവർഗ കോടതിയിലെ വിചാരണയ്ക്കിടെ കൂറുമാറിയ പതിനാറാം സാക്ഷി അബ്ദൾ റസാഖിനെയാണ് പിരിച്ചുവിട്ടത്. ചെമ്മണ്ണൂർ ഫോറസ്റ്റ് സ്റ്റേഷനിലെ താൽക്കാലിക വാച്ചറായിരുന്നു അബ്ദുൾ റസാഖ്. ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് മണ്ണാർക്കാട് ഡിഎഫ്ഒയുടെ നടപടി. മധുവിനെ ആക്രമിക്കുന്നത് കണ്ടിട്ടില്ലെന്നായിരുന്നു റസാഖ് കോടതിയിൽ നൽകിയ മൊഴി.

പതിനാറാം സാക്ഷിയായി പ്രോസിക്യൂഷൻ ഹാജരാക്കിയ വനംവകുപ്പ് വാച്ചർ റസാഖ് ഇന്ന് നടന്ന വിചാരണയിലാണ് മൊഴി മാറ്റിയത്. ഇതോടെ കേസിൽ ഇതുവരെ കൂറുമാറിയ സാക്ഷികളുടെ എണ്ണം ആറായി. മൊഴി മാറ്റി പറഞ്ഞവരെല്ലാം സാക്ഷികളായി പ്രോസിക്യൂഷൻ ഹാജരാക്കിയവരാണ്. ഇവരെല്ലാം മജിസ്ട്രേട്ടിന് മുന്നിൽ മൊഴി നൽകിയവരാണ്.

പന്ത്രണ്ടാം സാക്ഷിയായ മുക്കാലി ഫോറസ്റ്റ് സ്റ്റേഷനിലെ താത്കാലിക വാച്ചറായ അനിൽ കുമാറിനെ കഴിഞ്ഞ ദിവസം വനം വകുപ്പ് പിരിച്ച് വിട്ടിരുന്നു. വിസ്താരത്തിനിടെ മൊഴി മാറ്റിയതിനെ തുടർന്നായിരുന്നു പിരിച്ചുവിടൽ. മധുവിനെ അറിയില്ലെന്നാണ് അനിൽ കുമാർ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്. പൊലീസിന്റെ നിർബന്ധ പ്രകാരമാണ് നേരത്തെ രഹസ്യമൊഴി നൽകിയതെന്നും അനിൽ കുമാർ വ്യക്തമാക്കിയിരുന്നു. 10, 11,14,15 സാക്ഷികളും നേരത്തെ കൂറുമാറിയിരുന്നു.

അട്ടപ്പാടി മധുവധക്കേസിൽ ഇന്നലെ 15-ാം സാക്ഷി മെഹറുന്നീസ മൊഴിമാറ്റിയിരുന്നു. പ്രോസിക്യൂഷൻ സാക്ഷിയായ മെഹറുന്നീസ രഹസ്യ മൊഴി നൽകിയ വ്യക്തി കൂടിയായിരുന്നു.

13ആം സാക്ഷി സുരേഷ് ആശുപത്രിയിൽ ആയതിനാൽ വിസ്താരം പിന്നീടായിരിക്കും നടത്തുക. സാക്ഷികളെ പ്രതിഭാഗം സ്വാധീനിക്കുന്നു എന്ന് മധുവിന്റെ കുടുംബവും ആരോപിച്ചിരുന്നു.

കഴിഞ്ഞ 18നാണ് ഒരിടവേളയ്ക്ക് ശേഷം വീണ്ടും മധു കേസിൽ വിചാരണ തുടങ്ങുന്നത്. അന്ന്തന്നെ 12ആം സാക്ഷി വനം വകുപ്പ് വാച്ചർ അനിൽ കുമാറ് കൂറുമാറിയിരുന്നു. മധുവിനെ അറിയില്ലെന്ന് അനിൽ കോടതിയെ അറിയിച്ചു. പോലീസിന്റെ നിർബന്ധം പ്രകാരമാണ് നേരത്തെ രഹസ്യമൊഴി നൽകിയതെന്നും സാക്ഷി പറഞ്ഞു.

Eng­lish summary;Witness who defect­ed in Mad­hu mur­der case fired

You may also like this video;

Exit mobile version