ഉത്തർപ്രദേശിലെ ബഹ്‌റൈച്ചിൽ വീണ്ടും ചെന്നായ ആക്രമണം. പൂർവ ഗ്രാമത്തിൽ സന്തോഷിൻ്റെ മകൻ സുഭാഷിനെയാണ് വീട്ടിൽ ഉറങ്ങിക്കിടക്കുന്നതിനിടെ ചെന്നായകൾ കടിച്ചു കൊണ്ടുപോയത്. ഇന്ന് പുലർച്ചെ 1.30 ഓടെയാണ് സംഭവം നടന്നത്. കുട്ടിയെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും തിരച്ചിൽ തുടരുകയാണെന്നും ഡിഎഫ്ഒ രാം സിംഗ് യാദവ് പറഞ്ഞു.
ചെന്നായ ആക്രമണത്തിൽ ബഹ്‌റൈച്ചിൽ ഇതുവരെ 32 പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പ്രദേശത്ത് ആക്രമണം തുടരുന്ന സാഹചര്യത്തിൽ ചെന്നായ്ക്കളെ കണ്ടെത്താനുള്ള ശ്രമം വനംവകുപ്പ് ആരംഭിച്ചിട്ടുണ്ട്. കരിമ്പിൻ തോട്ടങ്ങൾ വെട്ടിത്തെളിക്കാൻ വനംവകുപ്പ് ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.

