അബുദാബിയിലെ എത്തിഹാദ് ടവേഴ്സ് സമുച്ചയത്തിന് നേരെ വന്ന ഡ്രോൺ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർക്കുന്നതിനിടെ, അവശിഷ്ടങ്ങൾ പതിച്ച് യുവതിക്കും കുട്ടിക്കും പരിക്ക്. കെട്ടിടത്തിന്റെ മുൻഭാഗത്താണ് ഡ്രോൺ അവശിഷ്ടങ്ങൾ വീണതെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. പരിക്കേറ്റവർക്ക് നിസാര പരിക്കുകൾ മാത്രമാണുള്ളതെന്നും ഇവർക്ക് ആവശ്യമായ ചികിത്സ നൽകിയതായും അധികൃതർ വ്യക്തമാക്കി.
പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന പ്രത്യാക്രമണങ്ങളുടെ ഭാഗമായാണ് ഡ്രോൺ എത്തിയതെന്നാണ് സൂചന. യുഎഇയുടെ വ്യോമ പ്രതിരോധ സംവിധാനം ഡ്രോണിനെ ആകാശത്തുവെച്ച് തന്നെ വിജയകരമായി തടഞ്ഞുവെങ്കിലും തകർന്ന ഭാഗങ്ങൾ ജനവാസ മേഖലയിൽ വീഴുകയായിരുന്നു. നഗരത്തിൽ സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കിയതായും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

