വൈക്കം ചെമ്പ് ബ്രഹ്മമംഗലത്ത് ആസിഡ് കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു. ചെമ്പ് ബ്രഹ്മമംഗലം രാജൻ കവലക്കു സമീപം കാലായിൽ സുകുമാരൻ (54 ), ഭാര്യ സീന (49 ) മകൾ സൂര്യ (26) എന്നിവരാണ് മരിച്ചത്. ഇവരുടെ ഇളയ മകൾ സുവർണ (23) മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ്. തിങ്കളാഴ്ച രാത്രി 11 ഓടെ ഇളയ മകൾ സുവർണ വീടിനു സമീപത്തു താമസിക്കുന്ന പിതൃസഹോദരൻ സന്തോഷിന്റെ വീട്ടിൽ അവശ നിലയിൽ എത്തി വിഷം കഴിച്ചതായി അറിയിച്ചതിനെ തുടർന്നാണ് ബന്ധുക്കൾ വിവരമറിഞ്ഞത്. സുവർണയെയും മുറ്റത്ത് കുഴഞ്ഞു വീണ സൂര്യയേയും ബന്ധുക്കളും സമീപവാസികളും ചേര്‍ന്ന് ഉടന്‍ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നാലെ വീട്ടിൽ ഗുരുതരാവസ്ഥയിൽ കിടന്ന സുകുമാരനെയും ഭാര്യ സീനയെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും സീന മരിച്ചു. പിന്നാലെ മൂത്ത മകൾ സൂര്യയും മരിച്ചു. വിദഗ്ധ ചികിൽസയ്ക്കായി സുകുമാരനേയും സുവർണയെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ വൈകുന്നേരത്തോടെ സുകുമാരനും മരിച്ചു. മൂവരുടെയും മൃതദേഹങ്ങൾ ഇന്ന് ഉച്ചകഴിഞ്ഞ് തൃപ്പൂണിത്തുറയിലെ പൊതു ശ്മശാനത്തിൽ സംസ്കരിക്കും. കൂലിപ്പണിക്കാരനായിരുന്നു സുകുമാരൻ. മകൾ സുവർണ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു. മൂത്തമകൾ സൂര്യയുടെ വിവാഹം ഡിസംബർ 12നു നടത്താൻ നിശ്ചയിച്ചിരുന്നു. സൂര്യയ്ക്ക് കോവിഡ് വന്ന് മാറിയ ശേഷം ശാരീരിക അസ്വസ്ഥതകൾ വിട്ടു മാറിയിരുന്നില്ല. മകളുടെ രോഗാവസ്ഥ മൂലമുള്ള മനോവിഷമം കുടുംബത്തെ ഉലച്ചിരുന്നു. കഴിഞ്ഞ ദിവസം വൈദ്യ പരിശോധന നടത്തിയപ്പോൾ സുകുമാരനു പ്രമേഹം സ്ഥിരീകരിച്ചു. മൂത്ത മകളുടെ ശാരിരീക അസ്വസ്ഥതകളും തനിക്ക് പ്രമേഹം സ്ഥിരീകരിച്ചതിലെ മാനസിക പിരിമുറുക്കവുമാകാം മക്കളെ കൂട്ടി ജീവനൊടുക്കാൻ മാതാപിതാക്കളെ പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.
English summary: woman and her mother drank acid
you may also like this video;