Site icon Janayugom Online

കോഴിക്കോട് തീപ്പൊള്ളലേറ്റ യുവതി മരിച്ചു

കോഴിക്കോട് തിക്കോടി പഞ്ചായത്ത് ഓഫീസിനു മുന്നില്‍ തീപ്പൊള്ളലേറ്റ യുവതി മരിച്ചു.തിക്കോടി പഞ്ചായത്തിലെ താല്‍ക്കാലിക ജീവനക്കാരി കൃഷ്ണപ്രിയയെയാണ് മരിച്ചത്. കൃഷ്ണപ്രിയയെ തീകൊളുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച തിക്കോടി പളളിത്താഴം സ്വദേശി നന്ദു അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. കൃഷ്ണപ്രിയയെ നന്ദു ഏറെ നാളുകളായി ശല്യം ചെയ്യുകയായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. 

ഇന്ന് രാവിലെ തിക്കൊടി പഞ്ചായത്ത് ഓഫീസിന് മുന്നിലായിരുന്നു സംഭവം. പഞ്ചായത്ത് ഓഫീസിലേക്ക് കൃഷ്ണപ്രിയ ജോലിക്ക് കയറാനൊരുങ്ങുമ്പോഴാണ് നന്ദു തട‍ഞ്ഞു നിര്‍ത്തി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. നിലവിളി കേട്ടെത്തിയ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കുകയായിരുന്നു. ഉടനടി ഇരുവരെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് വിദ്ഗദ്ധ ചികില്‍സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വൈകീട്ട് അഞ്ച് മണിയോടെ കൃഷ്ണപ്രിയ മരിച്ചു. തീകൊളുത്തും മുന്പ് നന്ദു തന്നെ കുത്തിപ്പരിക്കേല്‍പ്പിച്ചതായും ആശുപത്രിയില്‍ വച്ച് കൃഷ്ണപ്രിയ മൊഴി നല്‍കി. 90 ശതമാനത്തോളം പൊള്ളലേറ്റ നിലയിലാണ് യുവതിയെ ആശുപത്രിയിലെത്തിച്ചതെന്ന് ഡോക്ടർമാർ നേരത്തെ അറിയിച്ചിരുന്നു. 

ഏറെ നാളായി കൃഷ്ണപ്രിയയുമായി പരിചയത്തിലായിരുന്ന നന്ദു സമീപകാലത്തായി പെണ്‍കുട്ടിയ നിരന്തരം ശല്യം ചെയ്തിരുന്നതായി കുടുംബാംഗങ്ങളും അയല്‍വാസികളും പറ‍ഞ്ഞു. വസ്ത്രം ധരിക്കുന്നതിലും മുടി കെട്ടുന്നതിലുമടക്കം ഇയാള്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. അടുത്തിടെ പെണ്‍കുട്ടിയുടെ ഫോണും ഇയാള്‍ കൈവശപ്പെടുത്തി. കഴിഞ്ഞ ദിവസം വീട്ടിൽ വന്ന് പെൺകുട്ടിയേയും അഛനേയും ഭീഷണിപ്പെടുത്തുകയും ചെയ്തു. മാനഹാനി ഭയന്നാണ് പൊലീസിൽ പരാതി നൽകാതിരുന്നതെന്ന് നാട്ടുകാര്‍ പറ‌ഞ്ഞു. കഴിഞ്ഞയാഴ്ചയാണ് പഞ്ചായത്ത് ഓഫീസില്‍ പ്രോജക്ട് അസിസ്റ്റന്‍റായി കൃഷ്ണപ്രിയ കരാര്‍ അടിസ്ഥാനത്തില്‍ ജോലിയില്‍ പ്രവേശിച്ചത്.
eng­lish summary;A young woman died in a fire
you may also like this video;

Exit mobile version