Site icon Janayugom Online

പ്രസവിക്കാൻ സ്ത്രീയെ നിർബന്ധിക്കാനാവില്ല: ബോംബെ ഹൈകോടതി

പ്രസവിക്കാന്‍ സ്ത്രീയെ നിര്‍ബന്ധിക്കാന്‍ ഭര്‍ത്താവിനോ മറ്റുള്ളവർക്കോ അവകാശമില്ലെന്ന് ബോംബെ ഹൈകോടതി. സ്ത്രീകളുടെ പ്രത്യുല്‍പാദന വിഷയത്തില്‍ തീരുമാനമെടുക്കാന്‍ അവകാശം വ്യക്തിസ്വാതന്ത്ര്യത്തിന്റെ അവിഭാജ്യ ഘടകമായതിനാൽ ആർട്ടിക്കിൾ 21 പ്രകാരം സ്ത്രീകളെ നിര്‍ബന്ധിക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പുണ്ടലിക് യേവത്കർ എന്നയാളും ഭാര്യ ഉജ്വലയും തമ്മിലുള്ള കേസിലാണ് കോടതിയുടെ വിധി. 

വിവാഹമോചനം ആവശ്യപ്പെട്ട് പുണ്ടലിക് കോടതിയില്‍ സമർപ്പിച്ച ഹരജിയിൽ തന്റെ സമ്മതമില്ലാതെ ഭാര്യ ഗർഭം അവസാനിപ്പിച്ചത് ക്രൂരതയാണെന്ന് ഇയാൾ വാദിച്ചു. ജസ്റ്റിസുമാരായ അതുൽ ചന്ദൂർക്കറും ഊർമിള ജോഷി ഫാൽക്കെയും ഉൾപ്പെട്ടയുള്ളവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പുണ്ടലിക് യേവത്കിന്റെ വാദം കോടതി തള്ളി. ഗർഭം തുടരണോ വേണ്ടയോ എന്നത് സ്ത്രീയുടെ ഇഷ്ടമാണെന്ന് കോടതി വ്യക്തമാക്കി. ഒരു കുട്ടിക്ക് ജന്മം നൽകാൻ അവളെ നിർബന്ധിക്കാനാവില്ല കോടതി പറഞ്ഞു.

2001ലാണ് പുണ്ടലികും ഉജ്വലയും വിവാഹിതരായത്. അന്നുമുതൽ ജോലിക്ക് പോകണമെന്ന് ഭാര്യ വാശി പിടിക്കുന്നുവെന്നും ആദ്യകുട്ടി ജനിച്ച ശേഷം പിന്നീടുള്ള ഗർഭം അലസിപ്പിച്ച് ക്രൂരത കാണിക്കുന്നുവെന്നും 2004ൽ ഉജ്വല മകനോടൊപ്പം ഭർതൃവീട്ടിൽനിന്ന് ഇറങ്ങിപ്പോയതായും തന്നെ ഉപേക്ഷിച്ചുവെന്നും ഹരജിക്കാരൻ പറഞ്ഞു. ഗർഭഛിദ്രം എന്ന ക്രൂരതയുടെയും ഒളിച്ചോട്ടത്തിന്റെയും അടിസ്ഥാനത്തിൽ തനിക്ക് വിവാഹമോചനം വേണമെന്നായിരു​ന്നു ഇയാളുടെ ആവശ്യം. എന്നാൽ, വിവാഹശേഷം ജോലി ചെയ്യാൻ ആഗ്രഹിക്കുന്നതിന്റെ പേരിൽ ഗർഭഛിദ്രം നടത്തുന്നത് ക്രൂരതയായി കണക്കാക്കനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. 

അതേസമയം താൻ ഒരു കുഞ്ഞിന്റെ അമ്മയാണ് എന്നുള്ളത് മാതൃത്വത്തെ അംഗീകരിക്കുന്നതിന്റെ തെളിവാണെന്ന് യുവതി വാദിച്ചു. രണ്ടാമത്തെ ഗർഭം അസുഖത്തെത്തുടർന്നാണ് അലസിപ്പിച്ചതെന്നും തന്റെ ചാരിത്ര്യത്തെ ഭർതൃവീട്ടുകാർ സംശയിച്ചതിനാലാണ് സ്വന്തം വീട്ടിൽ പോയതെന്നും യുവതി കോടതിയില്‍ പറഞ്ഞു. സ്ത്രീ ഇതിനകം ഒരു കുഞ്ഞിനെ പ്രസവിച്ചതിനാൽ മാതൃത്വം സ്വീകരിക്കാൻ അവൾ വിമുഖത കാണിക്കുന്നുവെന്ന് പറയാനാവില്ലെന്ന് കോടതി വിധിയിൽ പറയുന്നു.

Eng­lish Summary:Woman can­not be forced to give birth: Bom­bay High Court

You may also like this video

Exit mobile version