വിദ്യാഭ്യാസം നേടി എന്നതുകൊണ്ടു മാത്രം ഒരു സ്ത്രീയെ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. ഉയര്‍ന്ന വിദ്യാഭ്യാസം നേടിയിട്ടുണ്ടെങ്കില്‍ പോലും ജോലി ചെയ്യണോ വീട്ടില്‍ ഇരിക്കണോ എന്നത് സ്ത്രീ തന്നെയാണ് തീരുമാനമെടുക്കേണ്ടതെന്ന് ജസ്റ്റിസ് ഭാരതി ദാന്‍ഗ്രെ നിരീക്ഷിച്ചു. വേര്‍പിരിഞ്ഞ ഭാര്യക്ക് ചെലവിന് നല്‍കാനുള്ള കുടുംബ കോടതി വിധിയ്ക്കെതിരെ ഭര്‍ത്താവ് നല്‍കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍.
കുടുംബത്തെ സ്ത്രീകള്‍ സാമ്പത്തികമായി പിന്തുണയ്ക്കുക എന്നതിനെ സമൂഹം ഇപ്പോഴും പൂര്‍ണമായി സ്വീകരിച്ചിട്ടില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ജോലി ചെയ്യണോ എന്നത് സ്ത്രീയാണ് തീരുമാനിക്കേണ്ടത്. ജോലിചെയ്യാന്‍ സ്ത്രീകളെ നിര്‍ബന്ധിക്കാനാകില്ല. ബിരുദം നേടി എന്നതുകൊണ്ട് വീട്ടിലിരിക്കരുത് എന്ന് പറയാനാവില്ല- കോടതി പറഞ്ഞു. വേര്‍പിരിഞ്ഞ ഭാര്യ ബിരുദധാരിയാണെന്നും ജോലി ചെയ്തു ജീവിക്കാനുള്ള യോഗ്യതയുണ്ടെന്നും ഭര്‍ത്താവ് കോടതിയില്‍ വാദിച്ചു. ചെലവിനു നല്‍കാനുള്ള കുടുംബ കോടതി വിധി പുനഃപരിശോധിക്കണം എന്ന് കാണിച്ചാണ് ഭര്‍ത്താവ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.
English Summary:Woman cannot be forced to work: Bombay High Court
You may also like this video