Site iconSite icon Janayugom Online

പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ കുഴഞ്ഞു വീണ സ്ത്രീ മാൻഹോളിൽ തലയിടിച്ച് മരിച്ചു

templetemple

പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ സ്ത്രീ കുഴഞ്ഞുവീണ് റോഡിലെ മാൻഹോളിൽ തലയിടിച്ച് മരിച്ചു. ആന്ധ്രാപ്രദേശ് നെല്ലൂർ സ്വദേശിനി വിടവലുരു അലവളപാട് വില്ലേജിൽ രാജമ്മാൾ (65) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ 3.30 ഓടെ ക്ഷേത്രം തെക്കേനടയിലെ തെ­ക്കേത്തെരുവ് അ­മ്മൻകോവിലിന് മുമ്പിലായിരുന്നു സംഭവം. നെല്ലൂരിൽ നിന്നുള്ള 45 പേരുടെ തീർത്ഥാടക സംഘത്തിനൊപ്പം ക്ഷേത്ര ദര്‍ശനത്തിന് എത്തിയതായിരുന്നു രാജമ്മാള്‍.
കേരളത്തിലെ വിവിധ ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതിനായി ഒരാഴ്ച മുമ്പാണ് സംഘം നെല്ലൂരിൽ നിന്ന് ബസിൽ പുറപ്പെട്ടത്. ശബരിമല ദർശനത്തിന് ശേഷം ഇന്നലെ പുലർച്ചെ മൂന്നിന് പദ്മനാഭസ്വാമി ക്ഷേത്രത്തിലെത്തി.

ഭജനപ്പുര മഠത്തിന് സമീപത്തെ പാർക്കിങ് കേന്ദ്രത്തിൽ നിന്ന് ക്ഷേത്ര ദർശനത്തിനായി സംഘം പുറപ്പെട്ടപ്പോള്‍ അവശത അനുഭവപ്പെട്ട രാജമ്മാൾ പിന്നിലായിപ്പോയി. തുടര്‍ന്ന് രാജമ്മാള്‍ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. വീഴ്ചയിൽ തല റോഡിലെ മാൻഹോളിൽ ശക്തിയായി ഇടിച്ചു ബോധരഹിതയായി. രാജമ്മാൾ വീഴുന്നത് കണ്ട് സമീപത്തുണ്ടായിരുന്ന ഓട്ടോഡ്രൈവർ രാജു ഓടിയെത്തി ഫോർട്ട് പൊലീസിനെയും പദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൊലീസിനെയും വിവരം അറിയിച്ചു. തുടര്‍ന്ന് ഫോർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 

മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോർട്ടത്തിന് ശേഷം വിട്ടുനൽകിയ മൃതദേഹം ആംബുലൻസിൽ ആന്ധ്രയിലേക്ക് കൊണ്ടുപോയി. പൊലീസ് സ്റ്റേഷനിലെ നടപടികൾ പൂർത്തിയാക്കിയ ശേഷം സംഘം പിന്നീട് ആന്ധ്രയിലേക്ക് യാത്ര തിരിച്ചു. അസ്വാഭാവിക മരണത്തിന് ഫോർട്ട് പൊലീസ് കേസെടുത്തു. 

Eng­lish Sum­ma­ry: Woman dies after col­laps­ing in Pad­man­ab­ha Swamy temple

You may also like this video

Exit mobile version