പശ്ചിമബംഗാളില്‍ ആശുപത്രിയില്‍ രോഗിയുമായി എത്തിയവര്‍ വനിതാ ഡോക്ടറെ മര്‍ദ്ദിച്ചു. ഹൗറ ജില്ലയിലെ ഉള്‍ബേരിയയില്‍ ശരത് ചന്ദ്ര ചതോപാധ്യായ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം.ഡോക്ടര്‍ക്ക് നേരെ സംഘം ബലാത്സംഗ ഭീഷണിയും മുഴക്കി. തൃണമൂൽ കോൺഗ്രസ് നേതാവും ഹോം ഗാർഡുമായ ഷെയ്ഖ് ബാബുലാൽ ഉൾപ്പെടെയുള്ള സംഘമാണ് ആക്രമണം നടത്തിയത്.
രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതു സംബന്ധിച്ചുണ്ടായ തർക്കമാണ് അക്രമത്തിലെത്തിയത്. അക്രമികൾ തോളിൽ ഇടിക്കുകയും കൈ പിടിച്ചുതിരിക്കുകയും അസഭ്യം പറയുകയും ബലാത്സംഗം ഭീഷണി മുഴക്കുകയും ചെയ്തെന്ന് ഡോക്‌ടർ പരാതിയിൽ പറഞ്ഞു. തൃണമൂല്‍ നേതാവ് അടക്കം മൂന്നുപേരെ അറസ്റ്റ് ചെയ്തു.ആർ ജി കർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ജൂനിയർ ഡോക്‌ടറെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവം വൻ കോളിളക്കം സൃഷ്‌ടിച്ചിരുന്നു.
ദിവസങ്ങൾക്ക് മുന്പ് ദുർഗ്ഗാപുർ മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർഥിനി ബലാത്സംഗത്തിന് ഇരയായിരുന്നു. ഇതിനുപിന്നാലെ, ഡോക്‌ടറിനുനേരെ ബലാത്സം ഭീഷണി ഉയർന്നത് ആശങ്കപ്പെടുത്തുന്നതാണെന്ന് ഡോക്‌ടർമാരുടെ സംഘടനയായ ജോയിന്റ് ഫോറം ഓഫ് ഡോക്‌ടേഴ്‌സ് പ്രതികരിച്ചു.

