മെഡിക്കൽ കോളേജിലേക്കുള്ള യാത്രാമധ്യേ യുവതിക്ക് കനിവ് 108 ആംബുലൻസിൽ പ്രസവം. റാന്നി ചെല്ലക്കാട് സ്വദേശിനിയായ 38കാരിയാണ് കനിവ് 108 ജീവനക്കാരുടെ പരിചരണത്തിൽ പെൺ കുഞ്ഞിന് ജന്മം നൽകിയത്.
വയറുവേദനയെ തുടർന്ന് റാന്നി എം.സി ചെറിയാൻ മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയതായിരുന്നു യുവതി.
ഉച്ചയ്ക്ക് ഒരു മണിയോടെ ആരോഗ്യനില വഷളായതിനെ തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി ഉടൻ തന്നെ യുവതിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് ഡോക്ടർ റെഫർ ചെയ്യുകയും ഇതിനായി കനിവ് 108 ആംബുലൻസിന്റെ സേവനം തേടുകയുമായിരുന്നു.
തുടർന്ന് കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം എം.സി ചെറിയാൻ മെമ്മോറിയൽ ആശുപത്രിയിലെ കനിവ് 108 ആംബുലൻസിനു കൈമാറി. ആംബുലൻസ് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ സംഗീത് സൈമൺ, ആംബുലൻസ് പൈലറ്റ് രാജേഷ് ബാലൻ എന്നിവർ ഉടനെ യുവതിയുമായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് യാത്ര തിരിച്ചു. എന്നാൽ കോട്ടയം സംക്രാന്തി എത്തിയപ്പോൾ യുവതിയുടെ നില കൂടുതൽ വഷളായി. എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ സംഗീത് സൈമൺ നടത്തിയ പരിശോധനയിൽ യുവതിയുടെ ആരോഗ്യനില മോശമാണെനും പ്രസവം എടുക്കാതെ മുന്നോട്ട് പോകാൻ കഴിയില്ലയെന്നും മനസിലാക്കി ആംബുലൻസിൽ ഇതിനുവേണ്ട സജ്ജീകരണങ്ങൾ ഒരുക്കി. 2.30ന് സംഗീത്തിന്റെ പരിചരണത്തിൽ യുവതി കുഞ്ഞിന് ജന്മം നൽകി. ഉടൻ അമ്മയ്ക്കും കുഞ്ഞിനും വേണ്ട പ്രഥമ ശുശ്രൂഷ സംഗീത് നൽകി. തുടർന്ന് ആംബുലൻസ് പൈലറ്റ് രാജേഷ് ബാലൻ ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചു.
English Summary: Woman gives birth in Kaniv 108 ambulance on way to medical college
You may like this video also