Site iconSite icon Janayugom Online

മഹാരാഷ്ട്രയില്‍ വഴക്കിനിടെ യുവതിയെ തീവണ്ടിക്ക് മുന്നിലേക്ക് തള്ളിയിട്ട് കൊന്നു

മഹാരാഷ്ട്രയില്‍ വഴക്കിനിടെ യുവതിയെ തീവണ്ടിക്ക് മുന്നിലേക്ക് തള്ളിയിട്ട് കൊന്നു. താനെ ജില്ലയിലെ ദിവ സ്റ്റേഷനില്‍ കഴിഞ്ഞ ദിവസായിരുന്നു സംഭവം. 39 കാരിയായ യുവതിയാണ് ചരക്കുതീവണ്ടിക്ക് അടിയില്‍പ്പെട്ട് മരിച്ചത്. 

സംഭവവുമായി ബന്ധപ്പെട്ട് രാജന്‍ ശിവനാരായണ്‍ സിങ് എന്നയാളെ പൊലീസ് അറസ്റ്റുചെയ്തു. വെളളിയാഴ്ച അഞ്ചിനും അഞ്ചരയ്ക്കുമിടയിലായിരുന്നു സംഭവം. അഞ്ച്-ആറ് പ്ലാറ്റ്‌ഫോമുകൾക്കിടയിൽ നില്‍ക്കുകയായിരുന്ന യുവതിയും ശിവനാരായണ്‍ സിങ്ങും. ഇരുവരും തമ്മിൽ വഴക്കുണ്ടായി. ഇതിനിടെ യുവതിയെ ലൈംഗികമായി ഉപദ്രവിക്കാനും ശിവനാരായണ്‍ സിങ് ശ്രമിച്ചു. ഇതിന് വഴങ്ങാത്തതോടെ യുവതിയുടെ കഴുത്തില്‍പിടിച്ച് ആ വഴി വരികയായിരുന്ന ചരക്കുതീവണ്ടിക്ക് മുന്നിലേക്ക് തള്ളിയിടുകയായിരുന്നു.

സംഭവസ്ഥലത്തുവെച്ചുതന്നെ യുവതി മരിച്ചു. രക്ഷപ്പെടാന്‍ ശ്രമിച്ച രാജന്‍ ശിവനാരായണ്‍ സിങ്ങിനെ റെയില്‍വേ പോലീസാണ് പിടികൂടിയത്. കൊലപാതകമടക്കമുള്ള വകുപ്പുകള്‍ ചുമത്തി അറസ്റ്റുചെയ്ത രാജന്‍ ശിവനാരായണ്‍ സിങ് നിലവില്‍ അഞ്ചുദിവസത്തെ പൊലീസ് കസ്റ്റഡിയിലാണുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ദൃക്‌സാക്ഷികളെ വിസ്തരിച്ചുവരികയുമാണ് പൊലീസ്.

Exit mobile version