Site iconSite icon Janayugom Online

ട്രെയിനിൽ കെറ്റിലിൽ മാഗിയുണ്ടാക്കി സ്ത്രീ; വീഡിയോ വൈറലായി, പിന്നാലെ വിമർശനം

ട്രെയിനുകളെ ആണ് കുടുംബത്തോടൊപ്പം ദീർഘദൂര യാത്ര ചെയ്യുന്നവർ കൂടുതലും ആശ്രയിക്കാറുള്ളത്. ട്രെയിനിൽ കയറുന്നത് തന്നെ കൈയില്‍ ഭക്ഷണം കരുതിയാകും. മിക്ക ആളുകളും വീട്ടിൽ നിന്ന് ഭക്ഷണം കൊണ്ടുവരികയോ ട്രെയിൻ എവിടെങ്കിലും നിർത്തുമ്പോൾ വാങ്ങുകയോ ചെയ്യുകയാണ് പതിവ്. എന്നാൽ ഒരു മഹാരാഷ്ട്രക്കാരിയായ സ്ത്രീ ട്രെയിൻ ബോഗിക്കുള്ളിൽ പാചകം ചെയ്യുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയില്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരിക്കുന്നത്. ചിലർ വിഷയത്തിൽ സുരക്ഷയെക്കുറിച്ച് ആശങ്കാകുലരായപ്പോൾ മറ്റുള്ളവർ പൗരബോധത്തിന്റെ അഭാവമാണെന്ന് പറയുന്നു. 

മഹാരാഷ്ട്രയിലെ ഒരു സ്ത്രീ എസി കമ്പാർട്ടുമെന്റിന്റെ സ്വിച്ചിൽ പ്ലഗ് ചെയ്‌തിരിക്കുന്ന കെറ്റിലിൽ ഇൻസ്റ്റന്റ് നൂഡിൽസ് പാചകം ചെയ്യുന്നതിന്റെ വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. വളരെ സന്തോഷത്തോടെ വിഡിയോയിൽ പാചകം ചെയ്യുന്നത് കാണാം. എന്നാൽ ഇത് സുരക്ഷിതമല്ല. കാരണം അത് സർക്യൂട്ടിൽ കൂടുതൽ വൈദ്യുതി വലിക്കാൻ കാരണമാകുകയും തീ പടരുകയും ചെയ്യാനുള്ള സാധ്യതയുണ്ടാക്കുമെന്നാണ് പലരും പറയുന്നത്. 

എന്നാൽ ” നിങ്ങൾക്ക് ലാപ്ടോപ്പുകൾ ചാർജ് ചെയ്യാൻ കഴിയും, പിന്നെ ഇതെങ്ങനെ അപകടകരമാകും ?” എന്നാണ് ഒരാൾ ചോദിച്ചത്. ടിക്കറ്റിന് പണം നൽകിയതുകൊണ്ട് മാത്രം ഒരു കമ്പാർട്ടുമെന്റിനുള്ളിൽ എന്തും ചെയ്യാൻ കഴിയുമെന്ന് പല യാത്രക്കാരും കരുതുന്നവരാണ് ചിലരെന്ന് ഒരാള്‍ പറഞ്ഞു. ഉയർന്ന കറന്റ് നൽകാൻ കഴിവുള്ള ഓൺബോർഡ് ഔട്ട്‌ലെറ്റുകൾ റെയിൽവേ മെച്ചപ്പെടുത്തണമെന്നും അതിൽ പിആർ നടത്തണമെന്നും ഒരു ഉപയോക്താവ് നിർദ്ദേശിച്ചു.

Exit mobile version