Site iconSite icon Janayugom Online

വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെ യുവതിയെ ബലാത്സംഗം ചെയ്തു; ആശുപത്രി ജീവനക്കാരനെതിരെ പരാതി

വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയവെ എയര്‍ഹോസ്റ്റസിനെ ബലാത്സംഗം ചെയ്തതായി പരാതി. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിൽ കഴിയുന്നതിനിടെ ഏപ്രില്‍ ആറിനായിരുന്നു സംഭവം. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തിയ ശേഷമാണ് 46 കാരിയായ എയര്‍ ഹോസ്റ്റസ്, ആശുപത്രി ജീവനക്കാരനെതിരെ പോലീസില്‍ പരാതി നൽകുന്നത്.

എയര്‍ലൈന്‍സ് കമ്പനിയുടെ പരിശീലനത്തിന്‍റെ ഭാഗമായാണ് യുവതി ഗുരുഗ്രാമിലെത്തിയത്. ഹോട്ടലിലെ താമസത്തിനിടെ സ്വിമ്മിങ് പൂളില്‍ മുങ്ങി അപകടത്തില്‍പ്പെട്ടുകയായിരുന്നു. ആദ്യം സമീപത്തെ ആശുപത്രിയിൽ യുവതിയെ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരിടത്തേക്ക് മാറ്റുകയായിരുന്നു. ഇവിടെ വച്ച് ആശുപത്രി ജീവനക്കാരില്‍ ഒരാള്‍ തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതി പറയുന്നത്. വെന്റിലേറ്ററില്‍ അര്‍ധബോധാവസ്ഥയിലിരിക്കെയാണ് ജീവനക്കാരന്‍ യുവതിയെ പീഡിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. ഡിസ്ചാര്‍ജ് ആയി വീട്ടിലെത്തിയ ശേഷം ഭര്‍ത്താവിനോടാണ് യുവതി വിവരങ്ങള്‍ തുറന്നുപറഞ്ഞത്. യുവതിയുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version