നിരന്തരമുള്ള തലവേദന അസഹനീയമായതിന് പിന്നാലെ രോഗം മാറാനായി പച്ച മീനിന്റെ പിത്താശയം വിഴുങ്ങി യുവതി. ചൈനയിലാണ് ഈ വിചിത്ര ചികിത്സ. പിന്നാലെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് യുവതിയെ ആശുപത്രിയില്‍ ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പച്ച മീനിന്റെ പിത്താശയം കഴിക്കുന്നത് ശരീര താപനില കുറക്കാനും ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും മൈഗ്രെയിൻ ഒഴിവാക്കാനും സഹായിക്കുമെന്ന പരമ്പരാഗത വിശ്വാസമാണ് യുവതിയെ ഇത്തരം ഒരു പ്രവര്‍ത്തിയില്ലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്.
2.5 കിലോഗ്രാം ഭാരമുള്ള ഗ്രാസ് കാർപ്പ് വിഭാഗത്തിൽപ്പെട്ട മീനിന്‍റെ പിത്താശയമാണ് യുവതി പച്ചക്ക് വിഴുങ്ങിയത്. വെറും രണ്ട് മണിക്കൂറിനുശേഷം കടുത്ത ഛർദിയും വയറിളക്കവും വയറുവേദനയും അനുഭവപ്പെടാൻ തുടങ്ങിയതോടെ ബന്ധുക്കൾ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയിൽ വിഷബാധയെ തുടർന്ന് കരളിന്റെയും വൃക്കയുടെയും പ്രവർത്തനങ്ങൾ തടസപ്പെട്ടതായി ഡോക്ടർമാർ കണ്ടെത്തി. ശേഷം തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. അഞ്ച് ദിവസത്തെ ചികിത്സക്ക് ശേഷം ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി കുടുംബം അറിയിച്ചു.

