ഛത്തീസ്ഗഡിലെ കോർബ ജില്ലയിൽ കൂട്ടബലാത്സംഗത്തിനിരയായ 28 കാരിയായ യുവതി മരിച്ചു. ബലാത്സംഗത്തിനുശേഷം സംഘം കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവതിയെ തട്ടിക്കൊണ്ടുപോയാണ് ഇവര്‍ ബലാത്സംഗത്തിനിരയാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ അറസ്റ്റിലായതായി പൊലീസ് പറഞ്ഞു. പാലി പോലീസ് സ്റ്റേഷൻ പരിധിയിലെ കെരജാരിയ വനത്തിലാണ് പ്രതികൾ മൃതദേഹം സംസ്‌കരിച്ചതെന്ന് കോർബ പൊലീസ് സൂപ്രണ്ട് (എസ്‌പി) ജിതേന്ദ്ര ശുക്ല പറഞ്ഞു.
സെപ്റ്റംബർ 28 ന് കോർബ ടൗണിലേക്ക് പോയ മകള്‍ തിരിച്ചെത്തിയില്ലെന്ന് കാണിച്ച് യുവതിയുടെ പിതാവ് 30 ന് പൊലീസിൽ പരാതി നൽകിയിരുന്നു. തുടര്‍ന്ന് തെരച്ചില്‍ നടക്കുന്നതിനിടെ യുവതിയുടെ ഫോണിൽ നിന്ന് അജ്ഞാതനായ ഒരാൾ പിതാവിനെ വിളിച്ച് തട്ടിക്കൊണ്ടുപോയെന്ന് പറഞ്ഞ് 15 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു.
തുടര്‍ന്ന് പാലി, പോഡി, രത്തൻപൂർ, സക്രി പ്രദേശങ്ങൾ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ പൊലീസ് റെയ്ഡും നടത്തി, എന്നാൽ പ്രതികൾ അവരുടെ ലൊക്കേഷൻ മാറ്റിയത് അന്വേഷണത്തെ തടസപ്പെടുത്തിയെന്ന് പൊലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച അഞ്ച് പേർ കോർബ ജില്ലയിലെ കത്ഘോരയിലെ കോടതിയിൽ കീഴടങ്ങി. തുടർന്ന് ഇവരെ അറസ്റ്റ് ചെയ്യുകയും പൊലീസ് കസ്റ്റഡിയിൽ വിടുകയുമായിരുന്നുവെന്ന് എസ്പി പറഞ്ഞു.
ചോദ്യം ചെയ്യലിൽ, മുഖ്യപ്രതി സോനു ലാൽ സാഹു (27) യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായി സമ്മതിച്ചു. സുഹൃത്തുക്കളായ സന്ദീപ് ഭോയ് (21), വീരേന്ദ്ര ഭോയ്, (19), സുരേന്ദ്ര ഭോയ് (21), ജീവ റാവു (19) എന്നിവരുടെ സഹായത്തോടെ കെരജാരിയ വനത്തിൽ മൃതദേഹം മറവ് ചെയ്തു. അപ്പോഴേക്കും യുവതിയെ കൊലപ്പെടുത്തിയിരുന്നതിനാൽ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ സാഹുവാണ് മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികളെല്ലാം പാലി സ്വദേശികളാണെന്നും അന്വേഷണം സംഭവത്തില്‍ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും എസ്പി പറഞ്ഞു.
English Summary: Woman was raped and killed: Five arrested
You may also like this video