കണ്ണൂർ പാപ്പിനിശ്ശേരിയിൽ രാസലഹരിയുമായി എത്തിയ യുവതി എക്സൈസ് പിടിയിൽ. കല്യാശ്ശേരി സ്വദേശിനി ഷിൽനയാണ് (32) അറസ്റ്റിലായത്. 0.459 ഗ്രാം മെത്താംഫിറ്റമിന്‍ ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തു. ലഹരി മരുന്നു കേസിൽ ഗോവയിൽ ജയിലിലായിരുന്ന ഷിൽന രണ്ട് മാസം മുമ്പാണ് പുറത്തിറങ്ങിയത്. ഇതിന് ശേഷവും ലഹരി വിൽപനയിൽ സജീവമായെന്ന് എക്സൈസ് അധികൃതർക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. പാപ്പിനിശ്ശേരിയും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപനയും ഉപയോഗവും വർധിക്കുന്നതായുള്ള വിവരത്തെത്തുടർന്നാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. പിടിയിലായ യുവതിയെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും ലഹരിമരുന്നിന്റെ ഉറവിടം കണ്ടെത്തുമെന്നും അധികൃതർ അറിയിച്ചു.
കണ്ണൂരിൽ രാസലഹരിയുമായി യുവതി പിടിയിൽ; ഗോവയിൽ ജയിലിൽ നിന്നിറങ്ങിയത് രണ്ട് മാസം മുമ്പ്

